മോഹൻ ഭഗവതിന് ‘അപകടമെന്ന് ‘ തോന്നിയ കാമ്പസിൽ ‘ചുവപ്പ് വിപ്ലവം’

ര്‍ഷകസമരത്തിന്റെ പ്രധാന കേന്ദ്രമായ സിക്കറില്‍ മുന്‍പ് സന്ദര്‍ശനം നടത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോസ്റ്റലിനെ പരാമര്‍ശിച്ചു പറഞ്ഞിരുന്നത്  ‘ഈ ഹോസ്റ്റല്‍ രാജ്യത്തിന് തന്നെ അപകടമാണ് ” എന്നായിരുന്നു. അന്നദ്ദേഹം പറഞ്ഞ രണ്ടാമത്തെ കാര്യം സക്കറിലെ ഗവണ്‍മെന്റ് കോളജിനെ കുറിച്ചായിരുന്നു. തുടര്‍ന്ന്, ആ പ്രധാന കാമ്പസ് ആര്‍ട്‌സ് കോളജും, സയന്‍സ് കോളജും  ഗേള്‍സ്‌കോളജുമായി പലയിടങ്ങളിലേക്കാണ് പറച്ചു നടപ്പെട്ടിരുന്നത്. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് സാനുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘മുറിച്ചു മാറ്റി’ എന്നു തന്നെ പറയാം. എന്നാല്‍, ഇങ്ങനെ വെട്ടി മുറിച്ചിട്ടും  ഈ കാമ്പസുകളില്‍ എല്ലാം വന്‍ വിജയമാണിപ്പോള്‍ എസ്.എഫ്.ഐ നേടിയിരിക്കുന്നത്. 1,300-ല്‍ അധികം ഭൂരിപക്ഷമാണ് ഈ കാമ്പസുകളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇത് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനുള്ള എസ്.എഫ്.ഐയുടെ ഒന്നാംതരം മറുപടിയാണ്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജസ്ഥാനിലെ രണ്ടു ജില്ലകളിലായി ഒതുങ്ങിയ വിജയമാണിപ്പോള്‍ പടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിച്ചിരിക്കുന്നത്.

ജോധ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ 2013 ന് ശേഷം ആദ്യമായിട്ടാണ് എസ്എഫ്‌ഐക്ക് പ്രസിഡന്റിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് പൂര്‍വ വിദ്യാര്‍ഥിയായ ജോധ്പുരിലെ ജയ് നരൈന്‍ വ്യാസ് സര്‍വകലാശാല പ്രസിഡന്റായി എസ്എഫ്ഐയുടെ അരവിന്ദ്സിങ് ഭാട്ടി ജയിച്ചു. എന്‍.എസ്.യു- എ.ബി.വി.പി സംഘടനകളെ തോല്‍പിച്ചാണ് എസ്.എഫ്.ഐ അപ്രതീക്ഷിത വിജയം നേടിയിരിക്കുന്നത്. സിക്കര്‍ ജില്ലയിലെ ദീന്‍ദയാല്‍ ഉപാധ്യായ ശെഖാവതി സര്‍വകലാശാലയില്‍ എസ്എഫ്ഐ സമ്പൂര്‍ണ വിജയം കൊയ്തത് സംഘപരിവാറിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. സിക്കറിലെ 95 ശതമാനം കോളേജ് യൂണിയനും എസ്എഫ്ഐ ആണ് നേടിയിരിക്കുന്നത്. എസ്‌കെ ആര്‍ട്സ് കോളേജ്, എസ്‌കെ സയന്‍സ് കോളേജ്, റാംഘട്ട് കോളേജ്, ഫത്തേപ്പുര്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ വിജയമാണ് ഉണ്ടായിരിക്കുന്നത്. ജുന്‍ജുനു, ഗംഗാനഗര്‍, ബിക്കാനീര്‍, ജോധ്പുര്‍, ഹനുമാന്‍ഗഡ്, ബദ്ര ജില്ലകളിലും, കാവിക്കോട്ടകള്‍ തകര്‍ന്നടിഞ്ഞു.

ഗംഗാനഗര്‍ ജില്ലയിലെ ബല്ലൂറാം ഗോധാര വനിതാ കോളേജില്‍ എസ്എഫ്ഐ ചരിത്രത്തില്‍ ആദ്യമായാണ് യൂണിയന്‍ ഭരണം പിടിച്ചത്. ഭഗത്സിങ് കോളേജ്, ഗുരുഗ്രാം കോളേജ്, അനൂപ് ഘട്ട് ഗവ. കോളേജ്, എസ്‌കെഎം ഗര്‍സാന കോളേജ് എന്നിവിടങ്ങളിലും, എല്ലാ സീറ്റിലും എസ്.എഫ്.ഐ ആണ് വിജയിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് പൂര്‍വ വിദ്യാര്‍ഥിയായ, ജോധ്പുരിലെ ജയ് നരൈന്‍ വ്യാസ് സര്‍വകലാശാല പ്രസിഡന്റായി, എസ്എഫ്ഐയുടെ അരവിന്ദ്സിങ് ഭാട്ടി ജയിച്ചത്, കോണ്‍ഗ്രസ്സ് നേതൃത്വത്തെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.

68 കോളേജുകളിലാണ് എസ്എഫ്‌ഐക്ക് ഒറ്റയ്ക്ക് യൂണിയന്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. സംഘ പരിവാറിന്റെയും കോണ്‍ഗ്രസ്സിന്റെയും ഉറച്ച കോട്ടയായ രാജസ്ഥാനിലെ എസ്.എഫ്.ഐ വിജയം ഇടതുപക്ഷ പ്രവര്‍ത്തകരെ സംബന്ധിച്ചും ഏറെ ആവേശം പകരുന്നതാണ്. കേരളത്തിന് പുറത്ത് ഇടതുപക്ഷ സംഘടനകള്‍ക്ക് സ്വാധീനമില്ലന്ന് പറയുന്നവര്‍ക്കുള്ള ശക്തമായ മറുപടിയായും ഈ വിജയം വിലയിരുത്തപ്പെടുന്നുണ്ട്. ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത പല സംസ്ഥാനങ്ങളിലും ഇന്ന് നിര്‍ണ്ണായക ശക്തിയാണ് എസ്.എഫ്.ഐ. അത് ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ മാത്രം ഒതുക്കാവുന്നതുമല്ല. ഹൈദരാബാദ്, പോണ്ടിച്ചേരി, ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ ഇന്നു ഭരിക്കുന്നത് എസ്.എഫ്.ഐയാണ്. ഹിമാചല്‍ പ്രദേശ് , ജാദവ് പൂര്‍, ഡെറാഡൂണ്‍ സര്‍വ്വകലാശാലകളില്‍, അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചതും എസ്.എഫ്.ഐ ആണ്. എസ്.എഫ്.ഐ വിജയിക്കുമെന്ന ആശങ്കയില്‍, തിരഞ്ഞെടുപ്പ് നടത്താത്ത നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് ഉത്തരേന്ത്യയിലുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും മാത്രമല്ല. വീരശൂര പരാക്രമി മമത ബാനര്‍ജിക്കുമുണ്ട് വലിയ ആശങ്ക. രാജ്യത്തെ പ്രമുഖ പാര്‍ട്ടികളെല്ലാം ഭയപ്പെടുന്ന രൂപത്തിലേക്ക്, എസ്.എഫ്.ഐ നിലവില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവും ആണ്.


EXPRESS KERALA VIEW

Top