വരാപ്പുഴ കൊലപാതകം ഐ.ജി ശ്രീജിത്ത് അന്വേഷിക്കുന്നതിനെതിരെ മാസ് ചോദ്യം !

IG Sreejith

കൊച്ചി: കേരളത്തെ ഞെട്ടിച്ച വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണകേസ് അന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ.ഹരീഷ് വാസുദേവ് രംഗത്ത്.

പറവൂര്‍ സ്വദേശിയായ യുവാവിനെ പൊലീസിലെ ക്രിമിനലുകള്‍ കൊന്ന കേസ് അന്വേഷിക്കുന്ന ഐ.ജി ശ്രീജിത്ത് എസ്.പി ആയിരിക്കുമ്പോള്‍ ഓദ്യോഗിക പദവി ദുരുപയോഗിച്ച് ഗുണ്ടാപ്പണി ചെയ്തത് തെളിവ് സഹിതം ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചിരുന്നതായി ഹരീഷ് തുറന്നടിച്ചു.

ഇത്തരമൊരു ഉദ്യോഗസ്ഥനാണ് പൊലീസിലെ ക്രിമിനലുകളെ കുറിച്ച് അന്വേഷിക്കുന്നത് എന്നത് അശ്ലീലമായി ഇന്നാട്ടിലെ പ്രതിപക്ഷത്തിന് പോലും തോന്നാത്തത് കൂട്ടുകച്ചവടമായത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

ശ്രീജിത്തിനെ പോലെയുള്ളയാളെ സര്‍വ്വീസില്‍ വെച്ചുകൊണ്ടിരിക്കാമോ എന്ന് ഡി.ജി.പി വരെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടും വ്യാജ സിമ്മുകള്‍ ഉപയോഗിച്ച് പ്രതികളുമായി ഒത്തുകളിച്ചു എന്ന് കണ്ടെത്തിയ ശേഷവും ആചാരമായി ഒരു സസ്‌പെന്‍ഷനില്‍ മാത്രമൊതുങ്ങുകയായിരുന്നു നടപടി.

ഇനി ഇതാവര്‍ത്തിക്കരുത് എന്ന വെറും പേരിനൊരു താക്കീത് ഉത്തരവായിറക്കിയ ശേഷം വീണ്ടും വീണ്ടും പ്രമോഷന്‍ കൊടുത്താണ് അന്നത്തെ സര്‍ക്കാര്‍ അയാളെ സ്‌നേഹിച്ചതെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഹരീഷ് വാസുദേവ് വ്യക്തമാക്കി.

ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ ക്രിമിനല്‍ തെളിവുകള്‍ ഉണ്ടായിട്ടും അയാളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

പൊലീസിലെ ക്രിമിനലുകളെ വിവാദമുണ്ടാകുമ്പോള്‍ ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്യുക എന്നതില്‍ കവിഞ്ഞ ഒരു ശിക്ഷയും നല്‍കാനോ പിരിച്ചുവിടാനോ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് തല്‍പ്പര്യമില്ല. സസ്‌പെന്‍ഷന്‍ എന്നത് ജനത്തെ പറ്റിക്കാനുള്ള വെറും ഒരു അടവ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേയ്‌സ് ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗം ചുവടെ :

ഇത്തരം ‘ആചാര സസ്‌പെന്ഷനുകള്‍’ അനുഷ്ഠിച്ചു ഡിപ്പാട്ടമെന്റില്‍ വിരാജിക്കുന്ന, കൈയില്‍ ചോര പുരണ്ടിട്ടുള്ള യേമാന്മാരുടെ നിരയുണ്ട് പോലീസ് വകുപ്പില്‍. ഈ ഗുരുതരസ്ഥിതി അറിഞ്ഞിട്ടും അവരെ ശമ്പളം കൊടുത്ത് പാലൂട്ടി വളര്‍ത്തുന്നത് അതിന്റെ ഗുണം നേരിട്ടോ അല്ലാതെയോ കിട്ടുന്ന ആഭ്യന്തരമന്ത്രിമാര്‍ തന്നെയാണ്. അതിനു പിന്തുണയേകുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ആണ്.

താല്‍ക്കാലിക പൊളിറ്റിക്കല്‍ ജിമ്മിക്കുകള്‍ക്ക് അപ്പുറം ഇക്കാര്യത്തില്‍ നിയമസഭയില്‍ തുടര്‍ച്ചയായ എന്ത് ഇടപെടലാണ് നാളിതുവരെ ഉണ്ടായത്??? സസ്‌പെന്‍ഷന്‍ നാടകങ്ങള്‍ കൊണ്ട് താല്‍ക്കാലിക ജനരോഷത്തെ നേരിടുന്ന പരിപാടി മതി, ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രിമിനലുകളെ പുറത്താക്കാന്‍ ഗൗരവമായ ഒരു സര്‍ജറിയും വേണ്ട എന്നകാര്യത്തില്‍ കക്ഷിരാഷ്ട്രീയ സമവായം ഉണ്ടെന്നു വേണം കരുതാന്‍. വിനായകനെയും സെക്രട്ടേറിയേറ്റ് നടയില്‍ സമരമിരുന്ന ശ്രീജിത്തിന്റെ സഹോദരനെയും കൊന്നവര്‍ സര്‍വ്വീസില്‍ തിരിച്ചെത്തി സസുഖം വാഴുന്നതില്‍ ഭരണകൂടത്തിന് ആശങ്കയില്ല, അവര്‍ നാളെ എന്നെയോ നിങ്ങളെയോ തേടി വരും. നാളെ നമ്മള്‍ ചത്താലും സസ്‌പെന്‍ഷനില്‍ എല്ലാം അവസാനിക്കും.

ഷാഡോ പൊലീസ് പോലുള്ള ഓമനപ്പേരില്‍ പോലീസില്‍ സ്വന്തമായി ഗുണ്ടപ്പട വെക്കരുത് എന്ന് കൃത്യമായ സര്‍ക്കുലര്‍ ഉണ്ടായിട്ടും ഈ എമാന്മാരുടെ മൂക്കിന് താഴെത്തന്നെ നിയമവിരുദ്ധമായി പോലീസ് സേനയില്‍ ഗുണ്ടാപ്പടയെ പരിപാലിക്കാനും, തോന്നിയവരെയൊക്കെ വീട്ടില്‍ക്കേറി മര്‍ദ്ദിക്കാനും അറസ്റ്റ് ചെയ്യാനും കൊല്ലാനും ഒക്കെ അഢ ജോര്‍ജുമാര്‍ക്ക് ധൈര്യം കൊടുക്കുന്നത് ഈ സമവായ പിന്തുണയാണ്. നിയമവിരുദ്ധമായി സ്‌പെഷ്യല്‍ ഗുണ്ടാപ്പടയെ തീറ്റിപോറ്റിയ ടജ ക്കെതിരെ സസ്‌പെന്ഷന് അപ്പുറം ഒരു പുല്ലും നടക്കില്ലെന്ന് ആരെക്കാളും നന്നായി അയാള്‍ക്കറിയാം. പിണറായി വിജയന്‍ എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകളെ അതുകൊണ്ട് തന്നെ പൊലീസിലെ ക്രിമിനലുകള്‍ പുച്ഛിച്ചു തള്ളും, ഇതെത്ര കണ്ടതാ..

ക്രിമിനലുകളെ പോലീസ് ഫോഴ്‌സില്‍ നിന്ന് പിരിച്ചുവിടാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് കൊല്ലപ്പെട്ട നിരപരാധിയുടെ വീട്ടുകാരോട് ഐക്യപ്പെടുന്ന ഒരു മലയാളിയും പറയണം. അല്ലാത്തതൊക്കെ പൊലീസിലെ ക്രിമിനലിസത്തോടുള്ള ഒത്തുതീര്‍പ്പാണ്.

Top