കൂടത്തായി കൊലപാതകം; വിടുതല്‍ ആവശ്യവുമായി ജോളി ജോസഫ് സുപ്രിം കോടതിയില്‍

കൂടത്തായി കൊലപാതകത്തില്‍ വിടുതല്‍ ആവശ്യവുമായി പ്രതി ചേര്‍ക്കപ്പെട്ട ജോളി ജോസഫ് സുപ്രിം കോടതിയില്‍. അഭിഭാഷകനായ ആളൂര്‍ മുഖേനയാണ് ഹര്‍ജ്ജി സമര്‍പ്പിച്ചത്. സിവില്‍ തര്‍ക്കങ്ങളിലെ വൈരാഗ്യം മൂലം തന്നെ കൊലപാതക പരമ്പരയില്‍ പ്രതി ആക്കിയെന്ന് ജോളി ആരോപിക്കുന്നു.

പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 2011ല്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച റോയ് തോമസ് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേല്‍നോട്ടത്തില്‍ ആറ് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളില്‍ കൂടി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.2011ലാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരന്‍ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആരോപണവും അന്വേഷണവും കുറ്റപത്രവും തനിക്കെതിരെ ഉണ്ടായത്. ആരോപണങ്ങളും കുറ്റപത്രവും ഇല്ലാതെ തെളിവുകള്‍ തനിയ്ക്ക് എതിരെ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും ജോളി അവകാശപ്പെടുന്നു. വിടുതല്‍ ഹര്‍ജ്ജി തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ജോളി ആളൂര്‍ മുഖേന സുപ്രിം കോടതിയെ സമീപിച്ചത്.

Top