mass molestation of women in bangalore on newyear

rape

ബെംഗളൂരു: പുതുവര്‍ഷാഘോഷത്തിനിടെ ബെംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ പീഡന ശ്രമം.1500 പൊലീസുകാരുടെ കാവലില്‍ നടന്ന പുതുവര്‍ഷാഘോഷ പരിപാടിക്കിടയില്‍ സ്ത്രീകള്‍ നേരെ ആക്രമണം ഉണ്ടായത്.

ബാംഗ്ലൂര്‍ മിറര്‍ പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പുതുവര്‍ഷാഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രമായ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് പരിസരങ്ങളിലെ പുതുവര്‍ഷാഘോഷ പരിപാടിക്കിടയിലാണ് സ്ത്രീകള്‍ക്ക് ദുരനുഭവം നേരിട്ടത്.

അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചും ഭൂരിഭാഗം സ്ത്രീകളുടെ പുതുവര്‍ഷാഘോഷത്തെ സമൂഹികവിരുദ്ധര്‍ ദുരന്തമാക്കി മാറ്റി.

പല സംഭവങ്ങള്‍ നടക്കുമ്പോഴും പൊലീസുകാര്‍ വെറും കാഴ്ച്ചക്കാരായി മാത്രം നിലകൊണ്ടു. പല സ്ത്രീകള്‍ക്കും ആഘോഷ പരിപാടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി പോയി.

ബെംഗളൂരു പൊലീസിന് നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും മദ്യലഹരിയില്‍ പല പുരുഷന്‍മാരും സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.

മദ്യലഹരിയിലാണെന്നത് ഒരു സുരക്ഷാകവചമാക്കി അഭിനയിച്ചുകൊണ്ട് പല ആണുങ്ങളും തീര്‍ത്തും തെമ്മാടികളെപ്പോലെ പെരുമാറിയെന്നാണ് ഇരകളായ സ്ത്രീകള്‍ പറയുന്നത്. പല സ്ത്രീകളും ഇതിനെതിരെ ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകളില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്.

ചൈതാലി വാസ്‌നിക് എന്ന സ്ത്രീ ഒരു പുരുഷന്‍ തന്റെ ശരീരഭാഗത്ത് കടന്ന് പിടിക്കാന്‍ ശ്രമിച്ച ഭീതിദമായ അനുഭവത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞാണ് പ്രതിഷേധം അറിയിച്ചത്.

ബാംഗ്ലൂര്‍ മിററിലെ ജീവനക്കാരി തന്റെ സുഹൃത്ത് നേരിടുന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് പൊലീസുകാരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി കുറ്റവാളികള്‍ക്ക് പിറകെ ഓടിയിരുന്നു.

എന്നാല്‍ അത്തരക്കാരെ പിടികൂടാതെ തിരിച്ചെത്തി തങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട അതേ സ്ഥലത്ത് തന്നെ തമ്പടിക്കുകയാണ് പൊലീസ് ചെയ്തതെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു.

ഇത്തരം സംഭവങ്ങളുടെ നേരനുഭവം ഉണ്ടായിട്ടു പോലും പരാതിയില്ല എന്ന കാരണം പറഞ്ഞ് സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുകയാണ് ബെംഗളൂരു പൊലീസ്.

Top