യൂത്ത് കോൺഗ്രസിൽ കൂട്ട പുറത്താക്കൽ;പരാതിയുമായി പ്രവർത്തകർ

പാലക്കാട്: യൂത്ത് കോൺഗ്രസിലെ കൂട്ട പുറത്താക്കലിൽ പരാതിയുമായി പ്രവർത്തകർ. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് രോഹിത് കൃഷ്ണനും നെന്മാറ നിയോജക മണ്ഡലം പ്രസിഡണ്ട് എസ് വിനീതുമാണ് പരാതി നൽകിയത്. കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബിവി ശ്രീനിവാസനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനുമാണ് പരാതി നൽകിയത്. ഈ മാസം 23നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് 26 പ്രവർത്തകരെ കൂട്ടത്തോടെ പുറത്താക്കിയത്.

കെ എസ് യു പ്രവർത്തകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിനീഷ് കരിമ്പാറയെ വിമർശിച്ചതിന് രോഹിത് കൃഷ്ണനേയും എസ് വിനീതിനേയുമാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയത്. അട്ടപ്പാടിയിൽ വെച്ച് നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു മറ്റ് ജില്ലാ ഭാരവാഹികളെ പുറത്താക്കിയത്.

ഇതിനെതിരെയാണ് പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയത്. വിമർശനം ഉന്നയിക്കുന്ന പ്രവർത്തകരെ പദവികളിൽ നിന്ന് പുറത്താക്കുന്നത് സംഘടനയ്ക്ക് ദോഷം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്ന് നേരത്തെ തന്നെ പ്രവർത്തകർക്കിടയിൽ അഭിപ്രായമുയർന്നിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ കൂട്ട പുറത്താക്കൽ നടപടിക്കെതിരെ നിലവിൽ 15 ഓളം പരാതികൾ നേതൃത്വത്തിന് ലഭിച്ചതായാണ് വിവരം.

Top