ഇസ്രയേല്‍ ആക്രമണം കരമാര്‍ഗം വ്യാപിച്ചതോടെ വടക്കന്‍ ഗാസയില്‍ നിന്നും കൂട്ടപലായനം

ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം കരമാര്‍ഗം കൂടി വ്യാപിപ്പിച്ചതോടെ വടക്കന്‍ ഗാസയില്‍ നിന്നും കൂട്ടപലായനം. ഗാസയെ രണ്ടാക്കി വിഭജിച്ച് ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് മുന്നോടിയായി വടക്കന്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പലായനം ശക്തമായത്.ഗാസയുടെ വടക്കന്‍- തെക്കന്‍ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ് എന്ന് ഹമാസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഒക്ടോബര്‍ ഏഴിന് മാത്രം ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായും ആകെ മരണ സംഖ്യ 10,549 ആയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ അല്‍ യമന്‍ അല്‍ സയീദ് ആശുപത്രിക്ക് സമീപം നടത്തിയ ആക്രമണത്തിലും 19 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ശസ്ത്രക്രിയ, പ്രസവം എന്നീ സമയങ്ങളില്‍ ഉണ്ടായേക്കാവുന്ന അണുബാധയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഗാസയിലുള്ളതെന്നും ഇതിനെ തടയാനുള്ള യാതൊരു സൗകര്യങ്ങളും ലഭ്യമല്ലെന്നും ഡബ്യു എച്ച് ഒ അറിയിച്ചു. ”പതിവ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ അഭാവവും ത്വരിതഗതിയില്‍ രോഗം പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് നിരവധി ലോകരാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിലെ (യുഎസ്എഐഡി) ആയിരത്തിലധികം ജീവനക്കാര്‍ ഗാസയില്‍ ”അടിയന്തര വെടിനിര്‍ത്തല്‍” ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയക്കാതെ താത്കാലിക വെടിനിര്‍ത്തലിന് തയ്യാറാകില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്.

മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ ഹമാസ് ബന്ദികളാക്കിയ ഒരു ഡസന്‍ പേരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ഒന്നോ രണ്ടോ ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 10-15 ബന്ദികളെ മോചിപ്പിക്കാന്‍ അമേരിക്കയുമായി ഏകോപിച്ച് ഖത്തറും ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ 10,569 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

Top