ഹിമാചല്‍ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി; 30 നേതാക്കളെ പുറത്താക്കി

ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി. 30 പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസ് കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഷിലയിലെ ചോപാല്‍ നിയമസഭ മണ്ഡലത്തിലെ 30 നേതാക്കളെയാണ് പുറത്താക്കിയത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ചോപാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ഡലത്തില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന 30 നേതാക്കളെ സംസ്ഥാന പ്രസിഡന്റ് പ്രതിഭാ സിങ് പുറത്താക്കിയത്.

ചോപാല്‍ മണ്ഡലത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രജനീഷ് കിംതയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇവിടെ മുന്‍ എംഎല്‍എ സുഭാഷ് മംഗലതെ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സുഭാഷ് വിമതനായി മത്സരരംഗത്തിറങ്ങിയത്. ഇതോടെ കോണ്‍ഗ്രസ് കടുത്ത മത്സരമാണ് മണ്ഡലത്തില്‍ നേരിടുന്നത്.

Top