ഗസ്സയിൽ കുട്ടികളുടെ കൂട്ടമരണം; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ

ആറാം മാസത്തിലേക്ക് കടന്ന യുദ്ധവും ഇസ്രായേൽ സൈന്യത്തിന്റെ കരുണയില്ലാത്ത ഉപരോധവും കാരണം കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിലേക്ക് ഗസ്സ.

ഓരോ ദിവസവും സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന ഗസ്സയിൽ പോഷകാഹാരക്കുറവും നിർജലീകരണവും കാരണം ആദ്യമായി ശിശുമരണം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ മാസമാണ്. അതിനുശേഷം 20 കുട്ടികൾ കൂടി ഈ കാരണത്താൽ മരിച്ചു. കുഞ്ഞുങ്ങൾക്ക് നൽകാൻ പാലോ മറ്റോ ഗസ്സയിലില്ല. മുതിർന്നവർ പച്ചപ്പുല്ലും കാലിത്തീറ്റയും തിന്ന് ജീവൻ നിലനിർത്തുകയാണ്. സഹായവസ്തുക്കളുമായി വരുന്ന ട്രക്കുകൾക്കുനേരെയും സൈന്യം ആക്രമണം നടത്തുന്നു.

യു.എന്നിന്റെ സഹായവിതരണം നിലച്ച മട്ടാണ്. അതിനിടെ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. ദൈർ അൽ ബലാഹിൽ കെട്ടിടത്തിനുമേൽ ബോംബിട്ട് 11 പേരെ കൊലപ്പെടുത്തി. ഇവരടക്കം 78 പേർകൂടി 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടു. ആകെ മരണം 30,878 ആയി. 72,402 പേർക്ക് പരിക്കേറ്റു.
Top