പ്രവീണ്‍ റാണയ്ക്ക് എതിരെ കൂട്ടപ്പരാതികള്‍; ഇതുവരെ 18 കേസ്

തൃശ്ശൂര്‍: തൃശ്ശൂരിലെ സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പില്‍ കമ്പനി ഉടമ പ്രവീണ്‍ റാണയ്ക്ക് എതിരെ ഇന്നുവന്നത് കൂട്ടപ്പരാതി. നിക്ഷേപത്തട്ടിപ്പിൽ 18 കേസ് പൊലീസ് ഇന്ന് രജിസ്റ്റര്‍ ചെയ്തു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 ഉം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 5 പരാതികളും എത്തി. നിക്ഷേപത്തിന് 48 % വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീണ്‍ റാണയ്ക്ക് എതിരെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്.

ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂര്‍ ആദം ബസാറില്‍ പ്രവര്‍ത്തിക്കുന്ന സേഫ് ആന്റ് സ്ട്രോങ്ങ് ബിസിനസ് കണ്‍സള്‍ട്ടന്‍സില്‍ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്റ്റൈപന്റ്, കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നല്‍കാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി.

Top