മസൂദ് അസ്ഹര്‍ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവോ ? സംശയം ഉയരുന്നു . . .

ന്ത്യ തേടുന്ന അന്താരാഷ്ട്ര ഭീകരന്‍ മസൂദ് അസ്ഹര്‍ എവിടെ ? സ്വന്തം ആസ്ഥാനം ബോംബിട്ട് തകര്‍ത്തിട്ടും നൂറ് കണക്കിന് അനുയായികളെയും ഭീകര കമാണ്ടര്‍മാരെയും ബന്ധുവിനേയും കൊന്നൊടുക്കിയിട്ടും ഈ ഭീകരന്റെ പ്രതികരണം വരാത്തതില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇന്ത്യ പാക്കിസ്ഥാനില്‍ കയറി ബോംബിട്ട് തകര്‍ത്ത മൂന്ന് ഭീകരക്യാംപുകളില്‍ ബാലക്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ട്രെയിനിങ് സെന്ററില്‍ മസൂദ് അസര്‍ അടിക്കടി സന്ദര്‍ശനം നടത്താറുള്ളതാണ്. ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തോട് ജെയ് ഷെ മുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടാകാത്തത് പലവിധ സംശങ്ങള്‍ക്കാണ് ഇപ്പോള്‍ ഇടനല്‍കിയിരിക്കുന്നത്. ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോള്‍ മസൂദ് അസ്ഹറും കൊല്ലപ്പെട്ടോ എന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം സംശയം പ്രകടിപ്പിക്കുന്നത്.

മസൂദ് അസ്ഹര്‍ പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്നും കടുത്ത അസുഖം മൂലം പുറത്തിറങ്ങാതെ ഇരിക്കുകയുമാണെന്ന പാക് വിദേശകാര്യ മന്ത്രിയുടെ നിലപാടിനെ അന്താരാഷ്ട്ര സമൂഹം മുഖവിലക്കെടുക്കുന്നില്ല. പാക്കിസ്ഥാന്‍ പറയുന്ന വാദങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമായതാണ് ഈ അവിശ്വാസത്തിന് പ്രധാന കാരണം. ഭീകര കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മസൂദ് അസര്‍ കൊല്ലപ്പെട്ടാലും അത് ഒരിക്കലും പാക്കിസ്ഥാന്‍ അംഗീകരിക്കില്ല. അങ്ങനെ ഒരു ഭീകര കേന്ദ്രമേ അവിടെ പ്രവര്‍ത്തിക്കുന്നില്ലന്ന് പറഞ്ഞ പാക്കിസ്ഥാന് ഇക്കാര്യം അംഗീകരിക്കാന്‍ ഒരിക്കലും കഴിയുകയുമില്ല. ഭീകര കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ ഇന്ത്യ പുറത്ത് വിടുന്നതു വരെ പാക്കിസ്ഥാന്‍ ഈ നിലപാട് തുടരും. ഇനി ദൃശ്യങ്ങള്‍ പുറത്ത് വന്നാലും അത് ഇന്ത്യ കെട്ടിചമച്ചതാണെന്നായിരിക്കും ആ കള്ള രാജ്യം പറയുക. വേണ്ടി വന്നാല്‍ മസൂദ് അസ്ഹറിന്റെ ഡ്യൂപ്ലിക്കേറ്റിനെ രംഗത്തിറക്കാനും പാക്ക് സൈനിക നേതൃത്വം മടിക്കില്ല. അക്കാര്യം ഉറപ്പാണ്.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് ചാരസംഘടനയ്ക്ക് ഇനിയും ഈ ഭീകരന്റെ ‘നിഴല്‍’ ആവശ്യമാണ്.പാക്കിസ്ഥാന്‍ പറയുന്നത് പോലെ മസൂദ് അസ്ഹര്‍ കടുത്ത രോഗാവസ്ഥയില്‍ ആണെങ്കില്‍ എന്തുകൊണ്ട് അയാളുടെ ജെയ് ഷെ മുഹമ്മദ് എന്ന സംഘടനയുടെ ഒരാള്‍ പോലും ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിനും ഇതുവരെ പാക്കിസ്ഥാന്‍ യുക്തമായ മറുപടി നല്‍കിയിട്ടില്ല. സാധാരണ ഗതിയില്‍ എന്ത് പ്രകോപനവും പരസ്യമായി നടത്താന്‍ മടിക്കാത്ത സംഘടനയാണിത്. തങ്ങള്‍ക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലന്ന വീരവാദം പോലും എവിടെ നിന്നും ജെയ്‌ഷെ മുഹമ്മദ് ഉയര്‍ത്തിയിട്ടില്ല.

ഇന്ത്യയുടെ ഭീകര വിരുദ്ധ ഓപ്പറേഷന്‍ കൃത്യമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഭീകരരുടെ ഈ മൗനം. സാക്ഷാല്‍ മസൂദ് അസ്ഹര്‍ പോലും ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. അതേസമയം, ഇന്ത്യ മിന്നല്‍ ബോംബാക്രമണം നടത്തിയതോടെ ഞെട്ടി തരിച്ച് നിന്നവരില്‍ മുംബൈ സ്‌ഫോടന കേസിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിന്റെ കണക്ക് ഇന്ത്യക്ക് തീര്‍ക്കാന്‍ ബാക്കിയുള്ളതാണ് ഈ ക്രിമിനലിന്റെയും ചങ്കിടിപ്പിക്കുന്നത്.

ഇനി പാക്കിസ്ഥാന്റെയോ, ഭീകരരുടേയോ ഭാഗത്ത് നിന്നും എതെങ്കിലും പ്രകോപനം ഉണ്ടായാല്‍ വീണ്ടും ഇന്ത്യ സമാന ആക്രമണം നടത്തും എന്ന ആശങ്ക പാക്കിസ്ഥാനുണ്ട്. ഇന്ത്യന്‍ വിങ് കമാന്‍ണ്ടര്‍ അഭിനന്ദനെ പെട്ടന്ന് തന്നെ വിട്ടു നല്‍കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിക്കപ്പെട്ടതും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള കനത്ത തിരിച്ചടി ഭയന്നാണ്.കറാച്ചി ലക്ഷ്യമിട്ട് ഇന്ത്യന്‍ പടക്കപ്പല്‍ നീങ്ങുന്നതും അന്തര്‍വാഹിനികള്‍ പാക്ക് തീരത്തിന് സമീപം കേന്ദ്രീകരിച്ചതുമെല്ലാം പാകിസ്ഥാന്‍ ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

എന്നാല്‍ അടുത്ത സുഹൃത്തായ ചൈന പോലും ഈ ഘട്ടത്തില്‍ പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് വിങ് കമാന്‍ണ്ടറെ നിരുപാധികം വിട്ടു നല്‍കി സമാധനത്തിന് തയ്യാറാണെന്ന സന്ദേശം പാക്കിസ്ഥാന്‍ നല്‍കിയത്. ഇതാണ് ഇന്ത്യയെ സൈനിക നടപടിയില്‍ നിന്നും തല്‍ക്കാലം പിന്തിരിപ്പിച്ചത്.

5 മണിക്ക് വിളിച്ച് ചേര്‍ത്ത മൂന്ന് സേനാ വിഭാഗങ്ങളുടെയും പത്രസമ്മേളനം 7 മണിക്ക് മാറ്റിയതും ലഘുകരിച്ചതും മറ്റു ലോക രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥന കൂടി മാനിച്ചാണ്. അതേ സമയം ഇന്ത്യന്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടന്ന അന്ന് തന്നെ ശക്തമായി തിരിച്ചടിക്കണമായിരുന്നു എന്ന അഭിപ്രയം രാജ്യത്ത് നിലവില്‍ ശക്തമാണ്.

പാക്കിസ്ഥാന് സമാധാനത്തിന്റെ വെള്ള പതാക ഉയര്‍ത്താന്‍ അവസരം നല്‍കിയത് ചരിത്രപരമായ മണ്ടത്തരമാണെന്ന അഭിപ്രായം മുന്‍ സേനാ തലവന്‍മാര്‍ക്കിടയിലും ശക്തമായിട്ടുണ്ട്. ഭീകരരെ പാലൂട്ടി വളര്‍ത്തുന്ന രാജ്യം നല്ലപിള്ള ചമയാന്‍ നോക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. അതു കൊണ്ട് തന്നെ പാക് പ്രകോപനം ഇനി ഉണ്ടായാല്‍ പലിശ സഹിതം ഈ കണക്ക് കൂടി തീര്‍ക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം.

Top