പാക്കിസ്ഥാൻ ഒളിപ്പിച്ച അസ്ഹറിനെ, ഇന്ത്യൻ കമാൻഡോകൾ റാഞ്ചുമോ ?

സൂദ് അസര്‍ എന്ന കൊടും തീവ്രവാദിയെ പൊക്കാന്‍ ഇന്ത്യ ‘മാസ്റ്റര്‍ പ്ലാന്‍’ തയ്യാറാക്കുകയാണെന്ന് സംശയിച്ച് പാക്കിസ്ഥാന്‍. ഇന്ത്യ പുറത്തു വിട്ട വിവരങ്ങളാണ് പാക് സൈന്യത്തെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. മസൂദ് അസര്‍ ഉള്ള സ്ഥലം കൃത്യമായാണ് ഇന്ത്യ യുഎന്നിന് കൈമാറിയിരിക്കുന്നത്. നിലവിലെ പാക് വാദങ്ങളെ തള്ളുന്ന കണ്ടെത്തലാണിത്.

യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസര്‍, നിലവില്‍ പാക്ക് സൈന്യത്തിന്റെ സംരക്ഷണയിലാണുള്ളത്. എന്നാല്‍ ഇക്കാര്യം നിഷേധിക്കുന്ന സമീപനമാണ് പാക്ക് ഭരണകൂടം സ്വീകരിച്ചിരുന്നത്.

അസറിനെ കാണാനില്ലന്നാണ് പാക്കിസ്ഥാന്‍ വാദിക്കുന്നത്. ഈ വാദമുഖങ്ങളെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യാണ് തകര്‍ത്തിരിക്കുന്നത്.

റാവല്‍പിണ്ടിയിലെ ചക്സസാദില്‍, അസറിനെയും കുടുംബത്തെയും താമസിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്ലാമാബാദില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയാണിത്.പാക്ക് സൈനിക ആസ്ഥാനവും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. അസറിനും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതും പാക്ക് സൈന്യവും ഐ.എസ്.ഐയുമാണ്.

ബഹാവല്‍പൂരിലാണ് ജയ്ഷെ മുഹമ്മദിന്റെ പുതിയ ആസ്ഥാനം. ഇതിനു പുറമെ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ വീട്ടിലും അസ്ഹര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനില്‍ പ്രമുഖനായ സക്കീര്‍ ഉര്‍ റഹ്മാന്‍ ഒളിവില്‍ കഴിയുന്ന സ്ഥലവും ഇന്ത്യയിപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ബര്‍മ്മ ടൗണില്‍ ഐ.എസ്.ഐയുടെ സംരക്ഷണയിലാണ് സക്കീറും കഴിയുന്നത്.

തെളിവുകള്‍ സഹിതം ഇന്ത്യ കണ്ടെത്തിയ ഈ വിവരങ്ങള്‍, പാക്ക് വാദത്തിന്റെ മുനയൊടിക്കുന്നതാണ്.

പാക്കിസ്ഥാനില്‍ ‘ഒരില’ അനങ്ങിയാല്‍ പോലും, അത് ഇന്ത്യ അറിയുമെന്ന സൂചന കൂടിയാണിത്. ഒരു കമാന്‍ഡോ ഓപ്പറേഷന് ഇന്ത്യ തയ്യാറാകുമെന്ന്, പാകിസ്ഥാന്‍ സംശയിക്കുന്നതും അതുകൊണ്ടാണ്.

അസറുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇന്ത്യ യു.എന്നിന് കൈമാറിയിട്ടുണ്ട്. യു.എന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ സമ്മേളനത്തിന് മുന്‍പായിരുന്നു ഇത്.

യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന് സംരക്ഷണം നല്‍കുന്നത്, പാക്കിസ്ഥാന് തന്നെയാണിപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്.

മസൂദ് അസറിനെ കാണാനില്ലാത്തതിനാല്‍ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലന്നാണ് പാകിസ്ഥാന്‍ വാദിച്ചിരുന്നത്.

യു.എന്‍, എഫ്.എ.ടി.എഫ് സമ്മേളനത്തിനെത്തിയ പാക് മന്ത്രി ഹമ്മാദ് അസറാണ് ഇത്തരമൊരു വിചിത്ര വാദം നടത്തിയിരുന്നത്. ഇതാണിപ്പോള്‍ ഇന്ത്യയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്.

ഇതോടെ യു.എന്‍ രക്ഷാസമിതിയും ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തോടെ അസറിനെ ഏത് വിധേനയും ‘പൊക്കണമെന്ന’ വാശിയിലാണ് ഇന്ത്യ. ജീവനോടെ പിടികൂടുകയോ അതല്ലങ്കില്‍ കൊലപ്പെടുത്തുകയോ ആണ് ലക്ഷ്യം.

പാക്ക് അധീന കശ്മീരില്‍ തീവ്രവാദ സംഘടനകളുടെ സംയുക്ത യോഗം അടുത്തയിടെ നടന്നതായും ‘റോ’ കണ്ടെത്തിയിട്ടുണ്ട്. ഈ യോഗത്തില്‍ ഐ.എസ്.ഐ, പാക്ക് സൈനിക പ്രതിനിധികളും പങ്കെടുത്തിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഈ യോഗത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് ഈ നീക്കങ്ങളെ നോക്കികാണുന്നത്.

ബാലക്കോട്ടെ ആക്രമണ മാതൃകയില്‍, പാക്ക് ഭീകരതാവളങ്ങള്‍ ആക്രമിക്കണമെന്ന നിലപാടിലാണ്, ഇന്ത്യന്‍ സൈന്യവുമുള്ളത്.

ഉചിതമായ നടപടി അനിവാര്യമായ ഘട്ടത്തിലുണ്ടാകുമെന്ന സൂചനയാണ് സൈനിക നേതൃത്വവും നല്‍കുന്നത്. മൂന്ന് സേനകളുടേയും തലവനായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയേയും കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

മസൂദ് അസ്ഹറിനെ പാക്കിസ്ഥാനില്‍ നിന്നും ‘ഇന്ത്യ പൊക്കിയാല്‍’ അത് ആ രാജ്യത്തെ സംബന്ധിച്ച് വലിയ നാണക്കേടാകും. ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം ഇത്തരം നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് പാക് ചാര സംഘടനയായ ഐഎസ്‌ഐയും കരുതുന്നത്. കൊറോണയില്‍ പെട്ട് പിടയുന്നതിനാല്‍ ചൈനയ്ക്ക് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്ഥാനെ സഹായിക്കാന്‍ കഴിയുകയില്ല.

യു.എന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതും ചൈനയെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. പാകിസ്ഥാന് പോലും ഇക്കാര്യത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ പരിമിതികള്‍ ഉണ്ടാകും. ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്ന ഭൗതീക സാഹചര്യമാണ് നിലവിലുള്ളത്.

ഉസാമ ബിന്‍ ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ കൊലപ്പെടുത്തിയ രൂപത്തില്‍, അസറിനെതിരെ ഒരാക്രമണം അമേരിക്കയും മുന്നില്‍ കാണുന്നുണ്ട്.

പത്തുവര്‍ഷം അമേരിക്കയുടെ ഉറക്കംകെടുത്തിയിരുന്ന ഉസാമ ബിന്‍ ലാദനെ പാകിസ്താനിലെ ആബട്ടാബാദില്‍ എത്തിയാണ് അമേരിക്കന്‍ കമാന്‍ഡോകള്‍ വെടിവെച്ച് കൊന്നിരുന്നത്. ലാദന്‍ മരിക്കുന്നതിന്റെ തത്സമയവിവരണം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ്ഹൗസിലിരുന്ന് നേരിട്ടാണ് വീക്ഷിച്ചിരുന്നത്. ഇതുപോലൊരു അവസരത്തിനായാണ് മോദിയും ഇപ്പോള്‍ കാത്തുനില്‍ക്കുന്നത്. ഉസാമയെ വധിക്കാനുള്ള ‘ഓപ്പറേഷന്‍ ജെറോനിമോ’ ദൗത്യത്തില്‍ 79 കമാന്‍ഡോകളും 4 ഹെലിക്കോപ്റ്ററുകളുമാണ് പങ്കാളികളായിരുന്നത്.

പാക്ക് റഡാറുകളെ വെട്ടിച്ച് കൃത്യം നിര്‍വ്വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളും ഹെലികോപ്റ്ററുകളും ഇന്ത്യയും ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു കടന്നാക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് തന്നെയാണ് സിഐഎയും കരുതുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള ജയ്‌ഷെ ഭീഷണിയേയും ഈ അമേരിക്കന്‍ ചാര സംഘടന ഗൗരവമായാണ് വീക്ഷിക്കുന്നത്. പാക് അധീന കശ്മീരിനെ ഭീകരരുടെ താവളമാക്കി മാറ്റുന്നതിനും അമേരിക്ക എതിരാണ്. ഭീകരര്‍ക്കെതിരെ നടപടി എടുക്കണമെന്ന അമേരിക്കയുടേയും റഷ്യയുടേയും ആവശ്യങ്ങള്‍ നിരാകരിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയാകട്ടെ പാക് അധീന കശ്മീരിലെ ഭീകര താവളകേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന വാശിയിലുമാണ്.

പ്രതിരോധം എന്നതില്‍ നിന്ന് മാറി അറ്റാക്ക് പൊസിഷനിലേക്കാണ് ഇന്ത്യയിപ്പോള്‍ മാറിയിരിക്കുന്നത്. ബാലാക്കോട്ടിലൂടെ ഇന്ത്യ ലോകത്തിന് മുന്നില്‍ തെളിയിച്ചതും അതുതന്നെയാണ്.

ആയുധരംഗത്ത് വലിയ മുന്നേറ്റമാണ് ഇന്ത്യയിപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമായ റഫാലും ഇന്ത്യയുടെ ഭാഗമായി കഴിഞ്ഞു. ഇന്ത്യന്‍ വ്യോമ അതിര്‍ത്തിയില്‍ നിന്നു കൊണ്ട് തന്നെ പാക്കിസ്ഥാനില്‍ നാശം വിതക്കാനുള്ള ശേഷി ഈ യുദ്ധവിമാനത്തിനുണ്ട്.

ട്രംപിന്റെ സന്ദര്‍ശനത്തോടെ അമേരിക്കയില്‍ നിന്നും 30 സായുധ ഹെലികോപ്റ്ററുകള്‍ വാങ്ങുന്ന കരാറിലും ഇന്ത്യ ഒപ്പിടും. 25000 കോടിയുടെ കരാറാണിത്.നേരത്തെ തന്നെ അമേരിക്കയുടെ അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലാണ് ഇത് വിന്യസിച്ചിരിക്കുന്നത്.

റഷ്യ വികസിപ്പിച്ച ആകാശ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫും ഉടന്‍ ഇന്ത്യയിലെത്തും. 40,000 കോടിയുടേതാണ് ഈ കരാര്‍. ലോകത്ത് ഇന്ന് ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച പ്രതിരോധ സംവിധാനമാണിത്. പാക്ക് – ചൈന അതിര്‍ത്തികളിലാണ് ട്രയംഫ് കാവലാളാവുക.

ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന യുദ്ധവിമാനം റഫാലിനായി 59,000 കോടിയാണ് ഇന്ത്യയിപ്പോള്‍ ചിലവിട്ടിരിക്കുന്നത്.ആദ്യ ഘട്ടത്തിലെ യുദ്ധവിമാനങ്ങള്‍ ഇതിനകം തന്നെ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.

സൈനിക ഏവിയേഷന്‍ മേഖലയിലെ ഏറ്റവും വലിയ കരാറിലും ഇപ്പോള്‍ അന്തിമ തീരുമാനമായിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് 83 സിംഗിള്‍ എഞ്ചിന്‍ തേജസ് യുദ്ധവിമാനങ്ങളും, സപ്പോര്‍ട്ട് പാക്കേജുമാണ് പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച് നല്‍കുന്നത്.

ഈ പദ്ധതിക്ക് 39000 കോടി രൂപയാണ് ചെലവ്. ഒരു വര്‍ഷമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ മാര്‍ക്ക് 1എ ജെറ്റുകള്‍ കൈമാറാമെന്നാണ് എച്ച്എഎല്‍ വാഗ്ദാനം.

ഇന്ത്യന്‍ വ്യോമശക്തിക്ക് കൂടുതല്‍ കരുത്ത് പകരാന്‍ തേജസിനും ഇനി വലിയ പങ്കുവഹിക്കാന്‍ കഴിയും.

Staff Reporter

Top