ദാവൂദിനെയും മസൂദ് അസ്ഹറിനെയും ലക്ഷ്യമിട്ട് ഇന്ത്യയുടെ പുതിയ നീക്കം . . .

സൂദ് അസ്ഹറും ദാവൂദ് ഇബ്രാഹിമും പാക്കിസ്ഥാന് ബാധ്യതയാകുന്നു. ഈ ഭീകര നേതാക്കളെ പാലൂട്ടി വളര്‍ത്തിയ പാക്കിസ്ഥാനിപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഏകദേശം പൂര്‍ണമായും തന്നെ ഒറ്റപ്പെട്ടു കഴിഞ്ഞു. ചൈന ഒടുവില്‍ കൈവിട്ടതോടെയാണ് മസൂദ് അസ്ഹര്‍ ആഗോള ഭീകരരുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. ഇയാളെ സംബന്ധിച്ച ഒരു വിവരവും ഇപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നും പുറത്ത് വരുന്നില്ല. ചികിത്സയിലിരിക്കെ സൈനിക ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ബാലക്കോട്ടെ ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ അസ്ഹര്‍ കൊല്ലപ്പെട്ടതായ വാര്‍ത്തകളും പുറത്തു വന്നിരുന്നു.

മസൂദ് അസ്ഹറിനോട് രൂപസാദൃശ്യമുള്ള ഒന്നിലധികം പേരെ തീവ്രവാദികള്‍ തയ്യാറാക്കി കബളിപ്പിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും സംശയിക്കുന്നത്. ആഗോള ഭീകരരുടെ പട്ടികയില്‍ ഇടംപിടിച്ച ഒരു തീവ്രവാദിയെ എത്രനാള്‍ പാക്കിസ്ഥാന് സംരക്ഷിക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ഇന്ത്യ ഇപ്പോള്‍ ഉയര്‍ത്തുന്നത്. മസൂദ് അസ്ഹര്‍ ആയാലും ദാവൂദ് ഇബ്രാഹിം ആയാലും അവസരം കിട്ടിയാല്‍ തീര്‍ത്ത് കളയാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഇതിനായുള്ള പദ്ധതിയിലാണ്.

ബാലക്കോട്ടെ തിരിച്ചടിക്ക് ശേഷം ഭീകര ക്യാംപുകള്‍ പലതും മാറ്റപ്പെട്ടിട്ടുണ്ട്. കശ്മീരില്‍ ഭീകരര്‍ക്കിടയില്‍ തന്നെ ഭിന്നത പൊട്ടിപ്പുറപ്പെട്ടതും സുരക്ഷാസേനക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്. നിരവധി ഭീകരരെ പിടികൂടാനും വെടിവച്ചു കൊല്ലാനും ഈ ഭിന്നത സഹായകരമായിട്ടുണ്ട്. പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സകല പദ്ധതികളും കശ്മീരില്‍ താളം തെറ്റി കഴിഞ്ഞു. ഇനിയൊരാക്രമണം ഇന്ത്യക്കകത്ത് നടന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ പാക്കിസ്ഥാന് പോലും സംശയമില്ല. അതുകൊണ്ടു തന്നെയാണ് പാക്കിസ്ഥാന്‍ തന്നെ ഭീകരരുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്ക് കൈമാറുന്നത്. എന്നാല്‍ പാക്കിസ്ഥാനെ ഒരു കാരണവശാലും മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇന്ത്യ.

മസൂദ് അസ്ഹര്‍, ദാവൂദ് ഇബ്രാഹിം എന്നിവരെ വിചാരണക്കായി വിട്ടു തരണമെന്ന നിലപാടില്‍ രാജ്യം ഉറച്ച് നില്‍ക്കുകയാണ്. ഇനിയും പാക്കിസ്ഥാന്‍ അതിന് തയ്യാറായില്ലെങ്കില്‍ വീണ്ടും ഭീകരതാവളങ്ങള്‍ ആക്രമിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ഇന്ത്യ നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിനെ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയാല്‍ ചൈനക്ക് പോലും ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുക. ഇക്കാര്യം ചൈന തന്നെ പാക്കിസ്ഥാനെ അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിനെ നിയന്ത്രിക്കുന്ന പാക്ക് പട്ടാളവും ഐ.എസ്.ഐയും അസ്ഹറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന നിലപാടിലാണ്. ഇതാണ് സ്ഥിതി വീണ്ടും വഷളാക്കുന്നത്.

ബാലക്കോട്ടെ മിന്നല്‍ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ സൗഹൃദത്തിന് ശ്രമിച്ചിട്ടും ഇന്ത്യ ഇതുവരെ കൈ കൊടുത്തിട്ടില്ല. ആദ്യം ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുക, എന്നിട്ടാകാം ചര്‍ച്ചയെന്ന നിലപാടിലാണ് രാജ്യം. അതേസമയം മുംബൈ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നത് പാക്കിസ്ഥാന് വന്‍പ്രഹരമായിട്ടുണ്ട്. ദാവൂദിനെ സംരക്ഷിക്കുന്നില്ലെന്ന പാക്ക് വാദം പൊളിക്കുന്നതാണ് സീ ന്യൂസ് പുറത്ത് വിട്ട ചിത്രങ്ങള്‍. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെയും അനുയായിയും ‘ഡി കമ്പനി’യുടെ അന്താരാഷ്ട്ര ശൃംഖലയുടെ മേധാവിയുമായ ജാബിര്‍ മോട്ടിവാലയുടെയും ചിത്രങ്ങളാണ് പുറത്തു വന്നത്.

ദാവൂദ് പാക്കിസ്ഥാനിലില്ലെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് രണ്ടര പതിറ്റാണ്ടായി ഇന്ത്യ അന്വേഷിക്കുന്ന അധോലോക കുറ്റവാളി പാക്ക് സംരക്ഷണയിലുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ സീ ന്യൂസ് പുറത്തുവിട്ടത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിന്റെ മുഖ്യസൂത്രധാരനെന്ന നിലയിലാണ് ദാവൂദിനെ ഇന്ത്യ അന്വേഷിക്കുന്നത്. അന്ന് രാജ്യം വിട്ട ദാവൂദ് പാക്കിസ്ഥാന്റെ സംരക്ഷണയില്‍ തന്നെയാണെന്ന് പലതവണ ഇന്ത്യ വ്യക്തമാക്കിയിട്ടും നിഷേധാത്മക നിലപാടായിരുന്നു പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. ക്‌ളീന്‍ ഷേവ് ലുക്കിലാണ് പുതിയ ഫോട്ടോയില്‍ ദാവൂദ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദാവൂദ് ഇബ്രാഹിമിന്റെ ഒരു ചിത്രം പുറത്തു വരുന്നത്.

നേരത്തെ വന്ന വാര്‍ത്തകള്‍ അനുസരിച്ച് ദാവൂദ് മാറാരോഗങ്ങളുടെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പുതിയ ചിത്രം നല്‍കുന്ന സൂചനയനുസരിച്ച് പൂര്‍ണ ആരോഗ്യവാനായ ദാവൂദിനെയാണ് കാണാന്‍ കഴിയുക. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കറാച്ചിയിലെ ആഡംബര വസതിയായ ക്‌ളിഫ്ടണ്‍ ഹൗസിലാണ് ദാവൂദ് താമസിക്കുന്നത്. ഭാര്യ മെഹ്ജാബിനും മകന്‍ മോയിന്‍ നവാസും ദാവൂദിനൊപ്പമുണ്ട്. ദാവൂദിന്റെ ബംഗ്ലാവിന് സമീപം തന്നെയാണ് മോട്ടിവാലയുടെയും ഭവനം. 2018 ആഗസ്റ്റ് 17ന് ഇയാളെ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മോട്ടിവാല രാജ്യത്തെ മാന്യനായ ബിസിനസുകാരനാണെന്ന ക്‌ളീന്‍ചിറ്റു നല്‍കി പാകിസ്ഥാന്‍ ഹൈക്കമ്മിഷന്‍ ബ്രിട്ടന് കത്ത് നല്‍കുകയായിരുന്നു. മോട്ടിവാലയില്‍ നിന്ന് ദാവൂദിലേക്ക് അന്വേഷണം എത്തിയേക്കുമോ എന്ന് ഭയന്നാണ് പാക്കിസ്ഥാന്‍ അങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ബ്രിട്ടന്റെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് ജാബിറിനെ അറസ്റ്റ് ചെയ്തിരുന്നത്. വിചാരണയ്ക്കായി ഇയാളെ വിട്ടുകിട്ടണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഡി- കമ്പനി തലവനായ ദാവൂദ് കറാച്ചിയിലുണ്ടെന്ന് ജാബിര്‍ ബ്രിട്ടീഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എഫ്.ബി.ഐ പറയുന്നു. ദാവൂദിന്റെ ഡി- കമ്പനിയുടെ നിര്‍ണായക വിവരങ്ങളും ജാബിറിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും എഫ്.ബി.ഐയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്ക്കും ഡി- കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കരുതുന്നത്. പാക്കിസ്ഥാന്‍ ഭീകരസംഘടനകളുമായി ജാബിറിന് അടുപ്പമുണ്ടെന്നും റോ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അറസ്റ്റിലാകും മുമ്പ് ജാബിര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച കാര്യവും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ബ്രിട്ടനില്‍ 10 വര്‍ഷത്തെ വിസയാണ് ജാബിറിനുള്ളത്. 2028ലാണ് ഇതിന്റെ കാലാവധി കഴിയുന്നത്. ആന്റ്വിഗ ആന്‍ഡ് ബര്‍ബുഡയില്‍ പൗരത്വത്തിനും ജാബിര്‍ ശ്രമിച്ചിരുന്നതായ വിവരവും അന്വേഷണ ഏജന്‍സികള്‍ക്ക് നിലവില്‍ ലഭിച്ചിട്ടുണ്ട്. ദാവീദിന്റെയും ജാബിറിന്റെയും പുറത്തുവന്ന ചിത്രത്തിന്റെ ആധികാരികത ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രകോപനമുണ്ടാക്കുന്ന ചിത്രമാണിത്. ഈ സാഹചര്യത്തില്‍ മസൂദ് അസ്ഹറിന് എതിരെ മാത്രമല്ല, ദാവൂദിനെതിരെയും മിന്നല്‍ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പാക്കിസ്ഥാന്‍ ഭയക്കുന്നത്. ഇന്ത്യന്‍ നടപടി ഭയന്ന് ഈ കൊടും ഭീകരരെ സംരക്ഷിക്കാന്‍ താവളങ്ങള്‍ അടിക്കടി മാറ്റുകയാണിപ്പോള്‍ ഐ.എസ്.ഐ. ഇന്ത്യയാകട്ടെ അന്താരാഷ്ട്ര സമൂഹത്തെ ഒപ്പം നിര്‍ത്തി പുതിയ പോര്‍മുഖം തുറക്കാനുള്ള നീക്കത്തിലുമാണിപ്പോള്‍.

Staff Reporter

Top