18 കാരറ്റ് സ്വര്‍ണത്തില്‍ 3600 ഡയമണ്ട് പതിപ്പിച്ച മാസ്‌ക് നിര്‍മ്മിക്കുന്നു; വില 11 കോടി രൂപ

ജെറുസലേം: കൊവിഡ് 19 വ്യാപിച്ചതോടെയാണ് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ അതില്‍പോലും ആഢംബരം ഒട്ടും കുറയ്ക്കാതെ നോക്കുകയാണ് പലരും.

ഏറ്റവും വില കൂടിയ മാസ്‌ക് നിര്‍മ്മിക്കുകയാണ് ഇസ്രായേലിലെ ഒരു ജ്വല്ലറി. 18 കാരറ്റ് സ്വര്‍ണത്തില്‍ വെള്ളയും കറുപ്പും നിറത്തിലുളള 3600 ഡയമണ്ടുകള്‍ പിടിപ്പിച്ചാണ് മാസ്‌കിന്റെ നിര്‍മ്മാണം. ഇതിന് ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്, 11 കോടി ഇന്ത്യന്‍ രൂപ.

യ്വല്‍(Yvel) കമ്പനിയുടെ ഉടമയായ ഐസക് ലെവിയാണ് ഈ മാസ്‌കിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഉപഭോക്താവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മാസ്‌ക് നിര്‍മിക്കുന്നതെന്ന് ഐസക് ലെവി വെളിപ്പെടുത്തി. എന്നാല്‍, ഉപഭോക്താവ് ആരാണെന്ന് ലെവി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, അമേരിക്കയില്‍ താമസിക്കുന്ന ചൈനക്കാരനായ ബിസിനസുകാരനാണെന്ന് ലെവി പറയുന്നു.

‘പണം കൊണ്ട് എല്ലാം സ്വന്തമാക്കാന്‍ കഴിയണമെന്നില്ല, എന്നാല്‍ ഉറപ്പായും ഡയമണ്ട് മാസ്‌ക് സ്വന്തമാക്കാനാകും. ഇതു ധരിച്ച് പുറത്തിറങ്ങുന്ന വ്യക്തിയെ ജനങ്ങള്‍ ശ്രദ്ധിക്കും. അപ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന സന്തോഷമാണ് ഇതില്‍ പ്രധാനം.’ ലെവി പറഞ്ഞതായി ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡയമണ്ട് മാസ്‌ക് ധരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കൊവിഡ് പോലെ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇതുപോലൊരു ഓര്‍ഡര്‍ കിട്ടിയതിന്റെ സന്തോഷത്തിലാണെന്നും ലെവി പറയുന്നു.

Top