കെഎസ്ആർടിസിയിൽ സഞ്ചരിക്കാൻ മാസ്ക് നിർബന്ധം

തിരുവനന്തപുരം:  സംസ്ഥാനത്ത് രാത്രികാല കർഫ്യൂവിലും പൊതുഗതാഗതം അനുവദിച്ച സാഹചര്യത്തിൽ  60% ദീർഘദൂര സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച് പരിമിതമായ ഓർഡിനറി സർവീസുകളും ഓപ്പറേറ്റ് ചെയ്യും.

മാസ്ക് ധരിക്കാത്ത ഒരാളെപ്പോലും ബസിൽ പ്രവേശിപ്പിക്കില്ല. യാത്രാക്കാർ യാത്രയിലുടനീളം മാസ്ക് ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പ് വരുത്തും. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല.

ഇതുമായി ബന്ധപ്പെട്ട ബോർഡുകൾ എല്ലാ ബസുകളിലും ബസ് സ്റ്റേഷനുകളിലും പ്രദർശിപ്പിക്കും, ഇതോടൊപ്പം ഈ വിവരം സ്റ്റേഷനുകളിൽ അനൗൺസ്മെന്റും ചെയ്യും. കണ്ടക്ടർമാർ നിർബന്ധമായും മാസ്ക് ധരിക്കണം.എല്ലാ ഡിപ്പോയിലും ജീവനക്കാർക്ക് കൈ വൃത്തിയാക്കാൻ സോപ്പും വെള്ളവും ലഭ്യമാക്കും. സർവീസ് കഴിഞ്ഞുവരുന്ന ബസുകൾ അണുവിമുക്തമാക്കിയതിന് ശേഷമേ അടുത്ത സർവീസ് നടത്തുകയുള്ളൂ.

 

Top