മഹാരാഷ്ട്ര നിയമസഭയില്‍ മഷിപ്പേന നിരോധിച്ചു;തീരുമാനം മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന്

handwriting

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ മഷിപ്പേന നിരോധിച്ചു. ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലിനെതിരെ മഷിയാക്രമണം ഉണ്ടാവുകയും വീണ്ടും ഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനം. നിയമസഭാംഗങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിരോധനം ബാധകമാണ്. രണ്ടാഴ്ച മുമ്പായിരുന്നു മന്ത്രിക്ക് നേരെ മഷിയാക്രമണം ഉണ്ടായത്. ഡോ. ബി ആര്‍ അംബേദ്കറിനെയും സാമൂഹ്യ പരിഷ്‌കര്‍ത്താവ് ജ്യോതിബ ഫൂലെയെയും അധിക്ഷേപിച്ചെന്നാരോപിച്ചാണ് മന്ത്രിക്ക് നേരെ മഷിയെറിഞ്ഞ് പ്രതിഷേധിച്ചത്.

സംഭവത്തില്‍ അപലപിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയിരുന്നു. ചന്ദ്രകാന്ത് പാട്ടീലിന് നേരെയുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞത് ദുര്‍വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഫഡ്നാവിസ് പറഞ്ഞു. അംബേദ്കറിനെയും ജ്യോതിബ ഫൂലെയെയും കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങളില്‍ അദ്ദേഹം ക്ഷമ പറഞ്ഞ് നിലപാട് വ്യക്തമാക്കിയതിന് ശേഷവും പാട്ടീലിനെ ഉപദ്രവിക്കുന്നതായും ഫഡ്‌നാവിസ് പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് സമൂഹ മാധ്യമത്തിലൂടെയും ചന്ദ്രകാന്ത് പാട്ടീലിനെതിരെ മഷി ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടായിരുന്നു. ഭീഷണി പോസ്റ്റിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

സ്വപ്നില്‍ ബംഗാല്‍ എന്നയാളാണ് സമൂഹ മാധ്യമത്തില്‍ ഉയര്‍ന്ന ഭീഷണിയെ കുറിച്ച് കോത്രൂഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍സിപിയുടെ സോഷ്യല്‍ മീഡിയ സെല്‍, പിംപ്രി-ചിഞ്ച്വാഡ് മേധാവി വികാസ് ലോലെ എന്ന പേരില്‍ വ്യാജ അക്കൗണ്ട് നടത്തുന്ന വ്യക്തിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ ബി ആര്‍ അംബേദ്കറും ജ്യോതിബ ഫൂലെയും ഭിക്ഷ യാചിച്ചെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദമായത്.

Top