മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മേരി കോം

ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബോക്‌സിംഗ് താരം എം.സി മേരി കോം. ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. ‘കോം’ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച് അമിത് ഷായ്ക്ക് കത്തയച്ചു.

മണിപ്പൂരിലെ ഒരു തദ്ദേശീയ ഗോത്രമാണ് ‘കോം’ സമുദായം. ന്യൂനപക്ഷങ്ങളില്‍ ഏറ്റവും ചെറുത്. ‘കോം’ സമൂഹം ‘കുക്കി’, ‘മെയ്‌തേയ്’ സമുദായങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്നു. സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ അകപ്പെട്ടിരിക്കുകയാണ് ‘കോം’ സമൂഹം. ദുര്‍ബലമായ ആഭ്യന്തര ഭരണവും ന്യൂനപക്ഷ ഗോത്രങ്ങള്‍ക്കിടയിലുള്ള ഒരു സമൂഹമെന്ന നിലയിലും തങ്ങള്‍ സുരക്ഷിതരല്ല. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം. ശക്തരായ വിഭാഗങ്ങളോട് പോരാടാന്‍ ‘കോം’ സമുദായത്തിന് കഴിയില്ലെന്നും മേരി കോം.

”കോം ഗ്രാമങ്ങളിലേക്കുള്ള ‘കുക്കി’, ‘മെയ്‌തേയ്’ നുഴഞ്ഞുകയറ്റം തടയാന്‍ സുരക്ഷാ സേനയുടെ സഹായം ആവശ്യമാണ്. സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തിലെയും അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും സംസ്ഥാന പൊലീസിലെ അംഗങ്ങളോടും ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ നിഷ്പക്ഷത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു”- മുന്‍ രാജ്യസഭാംഗം കത്തില്‍ പറയുന്നു.

Top