മാര്‍വല്‍ സീരീസുകള്‍ ഇനി നെറ്റ്ഫ്‌ലിക്‌സിലില്ല; മാര്‍ച്ച് ഒന്നിന് മുന്‍പ് നീക്കം ചെയ്യും

മാര്‍വെല്‍ ടെലിവിഷന്‍ ഷോകള്‍ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പിന്‍വലിക്കുന്നു. ഇതോടെ ഡെയര്‍ഡെവിള്‍, ലൂക്ക് കേജ്, ജെസ്സീക്ക ജോണ്‍സ്, അയണ്‍ ഫിസ്റ്റ്, പണിഷര്‍, ദ് ഡിഫന്റേഴ്‌സ് തുടങ്ങിയ ഷോകളൊക്കെ കാണണമെങ്കില്‍ നെറ്റ്ഫ്‌ലിക്‌സിനെ ആശ്രയിക്കാനാവില്ല. മാര്‍വെല്‍ ഷോകളുടെ നെറ്റ്ഫ്‌ലിക്‌സ് ലൈസന്‍സ് ഫെബ്രുവരി 28ന് അവസാനിക്കുന്നതോടെയാണിത്.

വാട്ട്‌സ് ഓണ്‍ നെറ്റ്ഫ്‌ലിക്‌സ് എന്ന വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്‌ലിക്‌സില്‍ പ്രസ്തുത ഷോകളിന്മേലുള്ള ഫ്‌ലാഗുകള്‍ ആസ്വാദകരുടെ ശ്രദ്ധയിലും പെട്ടു. കാണാനാവുന്ന അവസാനദിനം ഫെബ്രുവരി 28 ആണെന്ന് ഈ ഷോകള്‍ക്കൊപ്പം നെറ്റ്ഫ്‌ലിക്‌സ് അറിയിക്കുന്നുണ്ട്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, നെറ്റ്ഫ്‌ലിക്‌സും ഡിസ്‌നിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ദ് വെര്‍ജിനോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നെറ്റ്ഫ്‌ലിക്‌സിന്റെ മാര്‍വെല്‍ ഷോകളില്‍ നിന്നുള്ള പല കഥാപാത്രങ്ങളും മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് സിനിമകളിലേക്ക് ഇടംപിടിച്ചിട്ടുണ്ട്. സ്‌പൈഡര്‍മാന്‍: നോ വേ ഹോമില്‍ ചാര്‍ലി കോക്‌സ് അവതരിപ്പിച്ച മാറ്റ് മര്‍ഡോക്ക് എന്ന കഥാപാത്രമാണ് ഇതിന് ഒരു ഉദാഹരണം. നെറ്റ്ഫ്‌ലിക്‌സും മാര്‍വെലും തമ്മിലുള്ള 2012 മുതലുള്ള പങ്കാളിത്തത്തിനാണ് ഇപ്പോള്‍ അവസാനമാവുന്നത്. ഡെയര്‍ഡെവിള്‍ ആണ് നെറ്റ്ഫ്‌ലിക്‌സില്‍ ആദ്യമായി പ്രദര്‍ശനമാരംഭിച്ച മാര്‍വെല്‍ ഷോ.

2018 ല്‍ അക്കൂട്ടത്തിലെ എല്ലാ ഷോകളുടെയും പുതിയ സീസണുകള്‍ റദ്ദാക്കപ്പെട്ടിരുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പിന്‍വലിക്കുന്നതോടെ ഈ ഷോകള്‍ക്ക് പിന്നീട് എന്തു സംഭവിക്കുമെന്ന് ഔദ്യോഗിക വിശദീകരണം ഇനിയും എത്തിയിട്ടില്ല. ഡിസ്‌നി പ്ലസ് പോലെ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമില്‍ ഷോകള്‍ ലഭ്യമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Top