ഇന്ത്യയില്‍ ഒമ്പത് ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ട് മാരുതി സുസുക്കി ബലേനോ

 പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മിന്നിതിളങ്ങുന്ന  മാരുതി സുസുക്കി ബലേനോ,  ഇന്ത്യയില്‍  ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ബ്രാൻഡിന്റെ പ്രീമിയം നെക്‌സ ഡീലർഷിപ്പിലൂടെ മാത്രം വിൽക്കുന്ന ബലേനോ 2015 ഒക്ടോബറിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. അതായത് വെറും 66 മാസങ്ങൾ കൊണ്ട് 9,12,169 യൂണിറ്റ് വിൽപ്പനയായതായാണ് മാരുതി വ്യക്തമാക്കിയിരിക്കുന്നത്.

ഈ വലിയ നേട്ടത്തിനു മുമ്പേ തന്നെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ആറ് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് താണ്ടുന്ന പ്രീമിയം ഹാച്ച് എന്ന കിരീടവും ബലേനോ സ്വന്തം പേരിലാക്കിയിരുന്നു.വെറും 44 മാസത്തിനുള്ളിലാണ് ഇത്രയും വിൽപ്പന നേടിയത്. തുടർന്ന് 51 മാസത്തിനുള്ളിൽ 7 ലക്ഷം യൂണിറ്റ് മറികടന്നപ്പോൾ 8 ലക്ഷം മാർക്കിലെത്താൻ അവിടുന്ന് 10 മാസം മാത്രമാണ് ബലേനോയ്ക്ക് വേണ്ടിവന്നത്.

9 ലക്ഷം വിൽപ്പനയെന്ന നേട്ടത്തിൽ 8,08,303 പെട്രോൾ വേരിയന്റും 1,03,866 ഡീസൽ വേരിയന്റുകളുമാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. വിപണിയിൽ എത്തിയതിനു ശേഷം പ്രതിമാസ വിൽപ്പന ശരാശരി 13,820 യൂണിറ്റാണ്.

മികച്ച എഞ്ചിനും പെർഫോമൻസുമാണ് വാഹനത്തിനെ ഇത്രയുമധികം ജനപ്രിയമാക്കാൻ സഹായിച്ചത്. 1.2 ലിറ്റർ പെട്രോൾ അല്ലെങ്കിൽ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ബലേനോയ്ക്ക് തുടിപ്പേകുന്നത്.ഈ 1.2 ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ 6,000 rpm-ൽ പരമാവധി 82 bhp കരുത്തും 4200 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടുതൽ കരുത്തുറ്റ ഒരു ഡ്യുവൽജെറ്റ് എഞ്ചിനും ബലേനോയിൽ തെരഞ്ഞെടുക്കാം.

ഇത് 90 bhp പവറും 113 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. അതേസമയം ഓട്ടോമാറ്റിക് താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു സിവിടി ഓപ്ഷനും മാരുതി ഓപ്ഷണലായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്നതിന് ലിഥിയം അയൺ, ലീഡ് ആസിഡ് ബാറ്ററി എന്നിവയുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും ഇതിലുണ്ട്. ടോർഖ് അസിസ്റ്റ് ഫംഗ്ഷൻ എഞ്ചിനിലെ ലോഡ് കുറയ്ക്കുകയും അതുവഴി മികച്ച ഇന്ധനക്ഷമത നൽകുകയും ചെയ്യുന്നു.

Top