എസ്-പ്രസോ മൈക്രോ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മാരുതി

എസ്-പ്രസോ മൈക്രോ എസ്‌യുവിയുടെ എസ്-സിഎൻജി പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. LXI S-CNG, VXI S-CNG എന്നീ രണ്ട് വേരിയന്റുകളിൽ ഈ മോഡല്‍ എത്തും. LXi S-സിഎൻജിയുടെ എക്സ്-ഷോറൂം വില 5.90 ലക്ഷം രൂപയാണ്. VXi S-സിഎൻജി യുടെ എക്സ്-ഷോറൂം വില 6.10 ലക്ഷം രൂപയുമാണ്. എസ്-പ്രസോ സിഎന്‍ജിക്ക്, സാധാരണ പെട്രോള്‍ വേരിയന്റുകളേക്കാള്‍ 95,000 രൂപയാണ് അധികമായി മുടക്കേണ്ടത്. മാരുതി സുസുക്കി ഡ്യുവൽ ജെറ്റ് എഞ്ചിൻ പരിഷ്‍കരിച്ച് സിഎൻജി ആക്കിയതല്ലാതെ സൗന്ദര്യപരമായി എസ്-പ്രസോയിൽ മാറ്റങ്ങളൊന്നുമില്ല.

1.0-ലിറ്റർ, കെ-സീരീസ്, ഡ്യുവൽജെറ്റ് എഞ്ചിൻ 5,500 ആർപിഎമ്മിൽ 66 ബിഎച്ച്പി പവറും 3,500 ആർപിഎമ്മിൽ 89 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ, പവർ ഔട്ട്പുട്ട് 5,300 ആർപിഎമ്മിൽ 56.59 പിഎസായി കുറയും. ടോർക്ക് ഔട്ട്പുട്ട് 3,400 ആർപിഎമ്മിൽ 82.1 എൻഎം ആണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. എന്നിരുന്നാലും, സിഎൻജി വേരിയന്റുകളിൽ മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂ.

സിഎൻജി ഘടിപ്പിച്ച വേരിയന്റുകൾക്ക് 32.73 km/kg എന്ന ഇന്ധനക്ഷമതയാണ് മാരുതി അവകാശപ്പെടുന്നത്. റഗുലര്‍ മാരുതി സുസുക്കി എസ്-പ്രസ്സോയുടെ വില 4.25 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 6.10 ലക്ഷം രൂപ (എക്‌സ് ഷോറൂം) വരെയാണ്. റെനോ ക്വിഡ് , ടാറ്റ പഞ്ച് എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത് . സിഎന്‍ജി വേരിയന്റ് എത്തുന്നത് വാഹനത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Top