എസ്-പ്രെസോ; ക്വിഡിനേക്കാള്‍ കുഞ്ഞന്‍, കരുത്തില്‍ വമ്പന്‍

വാഹനപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനമാണ് മാരുതിയുടെ എസ്-പ്രെസോ. മൈക്രോ എസ്.യു.വി ശ്രേണിയിലേക്കെത്തുന്ന, റെനോയുടെ ക്വിഡിനേക്കാള്‍ കുഞ്ഞനായ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ ഇപ്പോള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മാരുതിയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്.

ബോക്‌സി ഡിസൈനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മസ്‌കുലാര്‍ ബോഡിയും ക്രോമിയം ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവ എസ്-പ്രസോയുടെ പുറംമോടിയെ ആകര്‍ഷകമാക്കും. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയില്‍ വളരെ ആഡംബരമായ ഇന്റീരിയറോടെയാവും എസ്-പ്രെസോയില്‍ എത്തുന്നത്.

67 ബി.എച്ച്.പി പവറും 91 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം പ്രതീക്ഷിക്കാമെന്നാണ് സൂചന. 27 ലിറ്ററായിരിക്കും ഈ വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ കപ്പാസിറ്റിയെന്നാണ് സൂചന. 14 ഇഞ്ച് ടയറുകളായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കണ്‍സെപ്റ്റ് മോഡല്‍ മാത്രം കണ്ടുപരിചയമുള്ള ഈ വാഹനത്തിന്റെ വലിപ്പം സംബന്ധിച്ച വിവരങ്ങള്‍ ഓട്ടോമൊബൈല്‍ വെബ്സൈറ്റായ ഓട്ടോകാറാണ് റിപ്പോര്‍ട്ട് ചെയ്തത്. 3565 എംഎം നീളവും 1520 എംഎം വീതിയും 1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസും 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് എസ്- പ്രെസോയിലുള്ളത്.

Top