ഇന്ത്യയില്‍ മാരുതി വിറ്റത് 2.75 ലക്ഷം വിറ്റാര ബ്രെസ്സകള്‍

2016 മാര്‍ച്ച് 16 നാണ് മാരുതി ബ്രെസ്സ എസ്‌യുവി ഇന്ത്യയില്‍ എത്തിയത്. പതിവു പോലെ മാരുതിയുടെ ഇന്ദ്രജാലം ബ്രെസ്സയും കാഴ്ചവെച്ചു. കണ്ണുപൂട്ടി തുറക്കുന്നതിന് മുമ്പെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനമായി ബ്രെസ്സ മാറി. മാരുതിയുടെ ആദ്യ കോമ്പാക്ട് എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ. വന്നതിന് പിന്നാലെ ഇന്ത്യയില്‍ ഹിറ്റായ അപൂര്‍വം അവതാരങ്ങളില്‍ ഒന്ന്.

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടു 2.75 ലക്ഷം വിറ്റാര ബ്രെസ്സകളെയാണ് മാരുതി ഇന്ത്യയില്‍ വിറ്റത്. ഇതില്‍ 56 ശതമാനം വില്‍പനയും ബ്രെസ്സയുടെ ഏറ്റവും ഉയര്‍ന്ന ZDi, ZD പ്ലസ് വകഭേദങ്ങളില്‍ നിന്നാണെന്ന കാര്യവും ശ്രദ്ധേയം. വില്‍പനയില്‍ താഴ്ന്ന LDi, VDi വകഭേദങ്ങളും അത്ര പിന്നിലല്ല. പ്രതിമാസം 12,300 യൂണിറ്റുകളുടെ ശരാശരി വില്‍പന ബ്രെസ്സയില്‍ മുടക്കം വരുത്താതെ മാരുതി നേടുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1,48,462 ബ്രെസ്സകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയി. LDi, VDi, ZDi, ZDi പ്ലസ് എന്നിങ്ങനെ നാലു വകഭേദങ്ങളാണ് നിലവില്‍ ബ്രെസ്സയ്ക്ക്. വില 7.28 ലക്ഷം രൂപ മുതല്‍. ഓട്ടോ ഷിഫ്റ്റ് ഗിയര്‍ ടെക്‌നോളജിയും (എഎംടി) ഇപ്പോള്‍ ബ്രെസ്സയില്‍ ലഭ്യമാണ്. 8.54 ലക്ഷം രൂപയ്ക്കും 10.49 ലക്ഷം രൂപയ്ക്കും ഇടയിലാണ് പുതിയ വിറ്റാര ബ്രെസ്സ എഎംടി വകഭേദങ്ങളുടെ വില. വിപണിയില്‍ എതിരാളികള്‍ ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര TUV300 എന്നീ എസ്‌യുവികള്‍.

Top