ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളെ സിഎന്‍ജിയാക്കാനുള്ള ശ്രമത്തില്‍ മാരുതി

വാഹനങ്ങളില്‍ ബിഎസ് ആറ് നിലവാരത്തിലുള്ള എന്‍ജിനുകള്‍ നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളെ സിഎന്‍ജിയാക്കാനുള്ള ശ്രമത്തില്‍ മാരുതി. ചെറിയ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ ബിഎസ് ആറ് നിലവാരത്തിലേക്കുയര്‍ത്തണമെങ്കില്‍ ചെലവു കൂടുതലാണെന്ന് മാരുതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.

മാരുതിയില്‍ നിന്ന് പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ഏകദേശം 23 ശതമാനവും ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളാണ്. ഡീസല്‍ എന്‍ജിന്‍ നിര്‍ത്തുന്നതോടെ ഉണ്ടാകാവുന്ന ആഘാതം കൂടുതല്‍ സിഎന്‍ജി മോഡല്‍ നിരത്തിലെത്തിച്ച് മറികടക്കാനാകുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടല്‍. ഡീസല് എന്‍ജിന്‍ വാഹനങ്ങളുടെ ഡിമാന്റ് വിലയിരുത്തിയായിരിക്കും ഇനി ബിഎസ് ആറ് നിലവാരത്തിലുള്ള ഡീസല്‍ എന്‍ജിനുകള്‍ മാരുതി വികസിപ്പിക്കുക. പെട്രോള്‍, സിഎന്‍ജി വാഹനങ്ങള്‍ക്കായിരിക്കും മാരുതി ഇനി പ്രധാന്യം നല്‍കുക. ഇതിനായി കൂടുതല്‍ സിഎന്‍ജി ഫില്ലിങ് സ്റ്റേഷനുകള്‍ വേണമെന്നും കമ്പനി വിലയിരുത്തുന്നുണ്ട്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായാണ് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് ആറ് നിലവാരത്തിലുള്ള എന്‍ജിനുകള്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറത്തുവന്നത്. എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് ഇത് എത്രത്തേളം പ്രാവര്‍ത്തികമാണെന്ന കാര്യം വാഹന നിര്‍മാതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.

Top