നാലര ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയെന്ന നേട്ടവുമായി വിറ്റാര ബ്രെസ

നാലര ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പിന്നിട്ട് മാരുതി സുസുക്കിയുടെ കോംപാക്ട് എസ്.യു.വിയായ വിറ്റാര ബ്രെസ. നിരത്തിലെത്തി വെറും 41 മാസങ്ങള്‍ക്കുള്ളിലാണ് വില്‍പ്പനയില്‍ 4.50 ലക്ഷം യൂണിറ്റെന്ന നേട്ടം കൈവരിക്കുന്നത്. മാത്രമല്ല 2016 ജൂലൈ മുതല്‍ ഈ വിഭാഗത്തിലെ വില്‍പ്പന കണക്കെടുപ്പില്‍ ആദ്യ സ്ഥാനത്താണു വിറ്റാര ബ്രെസ; ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ക്രേറ്റയാണ് പതിവായി രണ്ടാം സ്ഥാനത്ത്.

2016 മാര്‍ച്ച് എട്ടിന് അരങ്ങേറ്റം കുറിച്ച വിറ്റാര ബ്രെസ ജൂലൈ അവസാനം വരെ കൈവരിച്ച വില്‍പ്പന 4,55,284 യൂണിറ്റാണ്. വിപണിയിലെത്തി മൂന്നു നാലു മാസത്തിനകം തന്നെ എസ്.യു.വി വിപണിയിലെ നായകസ്ഥാനം സ്വന്തമാക്കാന്‍ ‘വിറ്റാര ബ്രെസ’യ്ക്കു സാധിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ 15,082 യൂണിറ്റെന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയും കൈവരിച്ചിരുന്നു. യുവി വിഭാഗത്തില്‍ വിറ്റാര ബ്രെസയുടെ മികവില്‍ 25.46% വിപണി വിഹിതമാണു മാരുതി സുസുക്കി സ്വന്തം പേരില്‍ കുറിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം.ആന്‍ഡ്.എം)യുടെ വിഹിതമാവട്ടെ 24.75% ആണ്്.

വില്‍പ്പനയ്‌ക്കെത്തി ആദ്യ വര്‍ഷത്തിനകം തന്നെ മൊത്തം വില്‍പ്പന ഒരു ലക്ഷം യൂണിറ്റിലെത്തിക്കാന്‍ വിറ്റാര ബ്രെസയ്ക്കു സാധിച്ചിരുന്നു. വില്‍പ്പന ഒന്നര ലക്ഷം കവിഞ്ഞതാവട്ടെ വെറും 17 മാസക്കാലം കൊണ്ടാണ്. 20 മാസം എത്തിയപ്പോഴേക്കു വില്‍പ്പന രണ്ടു ലക്ഷം യൂണിറ്റു തികഞ്ഞു. 28 മാസം കൊണ്ട് മൂന്നു ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ ‘വിറ്റാര ബ്രെസ’യുടെ തുടര്‍ന്നുള്ള ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന വെറും ഏഴു മാസക്കാലം കൊണ്ടായിരുന്നു.

മൂന്നു വര്‍ഷം മുമ്പ് 2016ലെ ഓട്ടോ എക്‌സ്‌പോയിലായിരുന്നു മാരുതി സുസുക്കി വിറ്റാ ബ്രെസ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അവതരണ വേള മുതല്‍ നിരന്തര മുന്നേറ്റം തുടര്‍ന്ന വിറ്റാര ബ്രെസയ്ക്കു ഹ്യുണ്ടേയ് വെന്യു, മഹീന്ദ്ര എക്‌സ്.യു.വി 300 തുടങ്ങിയ പുത്തന്‍ എതിരാളികളുടെ രംഗപ്രവേശമാണ് ഇപ്പോള്‍ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്.

Top