കഴിഞ്ഞ 5 വർഷം കൊണ്ട് ഏറ്റവും കൂടുതൽ നികുതി അടച്ചത് മാരുതിയെന്ന് റിപ്പോർട്ട്

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്‍ത ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് അടച്ച നികുതി തുക 41,366.81 കോടി രൂപയെന്ന് റിപ്പോർട്ട്. ഇതിൽ ഏറ്റവും കൂടുതൽ നികുതി അടച്ചിരിക്കുന്നത് മാരുതിയാണ്. മൊത്തം നികുതി വരുമാനത്തിന്‍റെ 29 ശതമാനമാണ് മാരുതി അടച്ചിരിക്കുന്നത്. അതായത്, 2016 മുതൽ 2020 വരെ മാരുതി നികുതിയായി അടച്ചത് 12,029.70 കോടി രൂപയാണ്. ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും ടുവീലറുമൊക്കെ നിർമ്മിക്കുന്ന ബജാജാണ് ഈ ശ്രേണിയിൽ രണ്ടാമൻ.

നമ്മുടെ സമ്പദ്ഘടനയിലെ ഓട്ടോമൊബൈൽ കമ്പനികളുടെ മൊത്തം വിഹിതത്തിന്‍റെ 20% ആണ് ബജാജിന്‍റെ പങ്ക്. 8,154.23 കോടി രൂപയാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ബജാജ് നികുതിയായി അടച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത വാഹന നിർമ്മാതാക്കളായ നികുതിദായകരിൽ 7,220 കോടി നികുതിയടയ്ക്കുന്ന മഹീന്ദ്ര മൂന്നാമതും 6,656.35 കോടി അടയ്ക്കുന്ന ഹീറോ നാലാമതുമാണ്. മറ്റൊരു പ്രധാന കാർ നിർമാതാക്കളായ ടാറ്റ 515.45 കോടിയാണ് ഈ കാലയളവിൽ നികുതി ഇനത്തില്‍ അടച്ചത്.

കൊമേർഷ്യൽ വാഹന നിർമാതാക്കളായ ഐഷർ 3,907.28 കോടിയും അശോക് ലെയ്ലൻഡ് 1,847.80 കോടിയും നികുതിയായി നൽകി. നമ്മുടെ സമ്പദ്ഘടനയിലെ ഓട്ടോമൊബൈൽ വ്യവസായങ്ങളുടെ പങ്കാണ് ഈ കണക്കുകൾ എടുത്തുകാട്ടുന്നത്. സർക്കാരിലേക്ക് നേരിട്ടുള്ള ഈ നികുതി വരുമാനത്തിനു പുറമെയാണ് ഈ കമ്പനികൾ രാജ്യത്ത് ഒരുക്കുന്ന തൊഴിലവസരങ്ങൾ, സാമൂഹികോന്നമനത്തിനായി നടപ്പിലാക്കുന്ന സേവന പദ്ധതികൾ എന്നിവയൊക്കെ. ഓരോ കമ്പനിയും അടയ്ക്കുന്ന നികുതി, നൽകുന്ന തൊഴിലവസരങ്ങൾ, സാമൂഹിക പ്രതിബദ്ധത എന്നതൊക്കെയും ചേർത്താണ് നമ്മൾ ബ്രാൻഡുകളെ വിലയിരുത്തേണ്ടത്. ഓരോ കമ്പനികളുടേയും വില്പനയെക്കുറിച്ചും വലുപ്പത്തെക്കുറിച്ചുമൊക്കെയുള്ള അവകാശവാദങ്ങൾ പരസ്യങ്ങളിൽ കേൾക്കുമ്പോൾ അതിലെ കൃത്യത വിശകലനം ചെയ്യാനും ഈ നികുതി കണക്കുകൾ ഉപകാരപ്പെടും.

Top