Maruti Suzuki Swift Sport

മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് എഡിഷനെ ഇന്ത്യയില്‍ അവതരിപ്പിക്കും. 2005ല്‍ ഇന്ത്യന്‍ വിപണിയിലില്‍ നിലയുറപ്പിച്ച സ്വിഫ്റ്റ് ഇതിനകം തന്നെ നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

ഇതുവരെയായി സ്വിഫ്റ്റിന്റെ സ്‌പോര്‍ട്‌സ് എഡിഷനുകള്‍ ഇന്ത്യയിലിറക്കാന്‍ കമ്പനി അത്ര താല്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഇന്നു സ്ഥിതിമാറി. കാരണം സ്‌പോര്‍ടി പതിപ്പുകള്‍ക്ക് ഇന്ത്യന്‍ യുവമനസുകളില്‍ ചലനം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കമ്പനി തിരിച്ചറഞ്ഞിരിക്കുന്നു.

ഫിയറ്റ് അബ്രാത്ത് പുണ്ടോ, ഫോക്‌സ്വാഗണ്‍ പോളോ ജിടിഐ എന്നീ പതിപ്പുകള്‍ക്ക് യുവാക്കളില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചുവെന്നുള്ള കാരണത്താല്‍ മാരുതിയും സ്‌പോര്‍ട്‌സ് എഡിഷനുകളെ ഇന്ത്യയിലെത്തിച്ചു തുടങ്ങി.

അടുത്തവര്‍ഷത്തോടെയാണ് മാരുതി ഈ പുതിയ സ്‌പോര്‍ട്‌സ് പതിപ്പിനെ വിപണിയിലെത്തിക്കുക. വൈഎസ്ഡി എന്ന കോഡ്‌നാമത്തിലാണ് ഈ പതിപ്പ് അറിയപ്പെടുന്നത്.

പതിവ് മോഡലുകളില്‍ നിന്ന് വിഭിന്നമായി സ്‌പോര്‍ടി ലുക്ക് പകര്‍ന്ന് വളരെ ആകര്‍ഷക ശൈലിയിലുള്ള രൂപകല്പനയാണ് നടത്തിയിരിക്കുന്നത്.

വിറ്റാരബ്രെസയ്ക്ക് സമാനമായ ഫ്‌ലോട്ടിംഗ് റൂഫ് ഡിസൈനാണ് ഈ സ്‌പോര്‍ട്‌സ് പതിപ്പിനുമുള്ളത്.

ട്വിന്‍ എക്‌സോസ്റ്റ്, സ്‌റ്റൈലിഷ് സ്റ്റിയറിംഗ് വീല്‍, നിറപകിട്ടാര്‍ന്ന ഇന്റീരിയര്‍ എന്നിവയാണ് സ്‌പോര്‍ട്‌സ് പതിപ്പിനെ പതിവ് മോഡലില്‍ നിന്നും വേര്‍തിരിക്കുന്നത്.

140ബിഎച്ച്പിയും 220എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഈ സ്‌പോര്‍ടി സ്വിഫ്റ്റിന്റെ കരുത്ത്.

മാരുതിയുടെ മനേസര്‍ പ്ലാന്റില്‍ വച്ചായിരിക്കും സ്‌പോര്‍ടി സ്വിഫ്റ്റിനുള്ള എന്‍ജിന്റെ നിര്‍മാണം നടത്തുക.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സ്‌പോര്‍ട്‌സ് പതിപ്പിന് വെറും 9സെക്കന്റ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അടുത്ത വര്‍ഷത്തോടെ വിപണിയലെത്തുമെന്ന് സൂചിപ്പിച്ചിട്ടുള്ള സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് എഡിഷന്റെ ആദ്യ പ്രദര്‍ശനം 2017 ജനീവ മോട്ടോര്‍ ഷോയിലായിരിക്കും നടത്തപ്പെടുക.

Top