സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് നിരത്തുകളിലേക്ക്; ചിത്രങ്ങള്‍ പുറത്ത്‌

മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് മോഡലുകളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയിട്ടുള്ള വാഹനങ്ങളിലൊന്നാണ് സ്വിഫ്റ്റ്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് നിരത്തുകളിലെത്താന്‍ ഒരുങ്ങുന്നതായി സൂചന നല്‍കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

സുസുക്കിയുടെ ജന്മനാടായ ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, പുതിയ സ്വിഫ്റ്റ് 2021-ല്‍ നിരത്തുകളിലെത്താനുള്ളതാണെന്നാണ് സൂചന. പുതിയ ഡിസൈനില്‍ കൂടുതല്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന ബംമ്പര്‍, അഴിച്ചു പണിതിരിക്കുന്ന ഗ്രില്ല്, ഇരട്ട നിറങ്ങള്‍ നല്‍കിയിട്ടുള്ള അലോയി വീല് എന്നിവയാണ് പ്രധാന മാറ്റം. പിന്നിലെ ബംമ്പറിലും ടെയില്‍ ഗേറ്റിലും മാറ്റം പ്രതീക്ഷിക്കാമെന്നാണ് സൂചന.

പുറത്തുവന്നിട്ടുള്ള ബ്രോഷര്‍ അനുസരിച്ച് മുമ്പുണ്ടായിരുന്ന അഞ്ച് നിറങ്ങള്‍ക്ക് പുറമെ, ഫ്‌ളെയിം ഓറഞ്ച് വിത്ത് ബ്ലാക്ക് റൂഫ്, റെഷ് യെല്ലോ വിത്ത് സില്‍വര്‍ റൂഫ് എന്നീ നിറങ്ങളും റെഡ്, ബ്ലൂ നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫുകളും നല്‍കുന്നുണ്ട്. ആദ്യമായാണ് സ്വിഫ്റ്റ് ഡ്യുവല്‍ ടോണ്‍ ഫിനിഷിങ്ങില്‍ എത്താനൊരുങ്ങുന്നത്.

1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 89 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമേകുന്നു. ജപ്പാനില്‍ ഇറക്കുന്ന സ്വിഫ്റ്റില്‍ ഹൈബ്രിഡ് മോട്ടോറും നല്‍കിയേക്കും. ഇത് 10 കിലോവാട്ട് കരുത്തും 30 എന്‍എം അധിക ടോര്‍ക്കും നല്‍കും. ഇതിനൊപ്പം ബൂസ്റ്റര്‍ജെറ്റ് എന്‍ജിനില്‍ പെര്‍ഫോമെന്‍സ് പതിപ്പ് എത്തുമെന്നും സൂചനയുണ്ട്.

Top