പുത്തൻ മാറ്റങ്ങളുമായി 2021 സ്വിഫ്റ്റ് പതിപ്പ് ഈ മാസം വിപണിയിൽ

പുത്തൻ മാറ്റങ്ങളുമായി 2021 പതിപ്പ് ഈ മാസം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ഏറെ ജനപ്രീതിയുള്ള മാരുതിയുടെ സ്വിഫ്റ്റ്. 2021 സ്വിഫ്റ്റ് പതിപ്പിൽ നിലവിലെ എന്‍ജിന് പകരം 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ12 എന്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക.

കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഐഡിയല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. പിസ്റ്റണ്‍ കൂളിങ്ങ് ജെറ്റ്, ഹയര്‍ കംപ്രഷന്‍ റേഷിയോ, കൂള്‍ഡ് ഇ.ജി.ആര്‍ സിസ്റ്റം തുടങ്ങിയവ സാങ്കേതിക സംവിധാനങ്ങളും എന്‍ജിനിൽ നല്‍കും. 90 ബി.എച്ച്.പി.പവറും 113 എന്‍.എം.ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പുതിയ ഡിസയറില്‍ ഈ എന്‍ജിനാണ് കരുത്തേകുന്നത്.

ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ല്, ഉയര്‍ന്ന വേരിയന്റില്‍ എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, 15 ഇഞ്ച് വലിപ്പമുള്ള ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ എക്‌സ്റ്റീരിയറിന് മാറ്റമൊരുക്കും. അപ്‌ഡേറ്റ് ചെയ്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും ഇന്റീരിയറിലെ പുതുമ.നിലവില്‍ 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ K12M നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനാണ് സ്വിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 82 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 21.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, എ.എം.ടി.ഗിയര്‍ബോക്‌സുകള്‍ സ്വിഫ്റ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.

Top