maruti suzuki swift dlx variant launched

പുതുക്കിയ ഹാച്ച്ബാക്ക് മോഡല്‍ സ്വിഫ്റ്റിന്റെ DLX പതിപ്പ് മാരുതി സുസുക്കി അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ LXi, LDi മോഡലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണം. ഡ്രൈവര്‍ സൈഡ് എയര്‍ബാഗാണ് പുതിയ പതിപ്പില്‍ കൊണ്ടു വന്നിരിക്കുന്ന പ്രധാന മാറ്റം.

പെട്രോള്‍ഡീസല്‍ വകഭേദങ്ങളില്‍ സ്വിഫ്റ്റ് DLX ലഭ്യമാകും. 4.54 ലക്ഷമാണ് പെട്രോള്‍ പതിപ്പിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഡീസലിന് ഏകദേശം 6 ലക്ഷവും.

1.2 ലിറ്റര്‍ കെ സീരീസ് എഞ്ചിന്‍ 84.3 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകും. പരമാവധി 75 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പകരുന്നതാണ് 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍. രണ്ടിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്.

LXi, LDi അടിസ്ഥാനത്തിലാണ് രൂപകല്‍പ്പനയെങ്കിലും ഇവയില്‍നിന്ന് വ്യത്യസ്തമാണ് പുതിയ സ്വിഫ്റ്റ്. ബ്ലൂടൂത്ത്USB കണക്ടിവിറ്റിയോടുകൂടിയ മ്യൂസിക് സിസ്റ്റം, ആള്‍ പവര്‍ വിന്‍ഡോ, ഫോഗ് ലാംപ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങള്‍.

സ്വിഫ്റ്റിന്റെ അതേ ഫീച്ചേഴ്‌സോടെ മാരുതി അടുത്തിടെ ബലേനോ ഹാച്ച്ബാക്ക് പുറത്തിറക്കിയതിന് ശേഷം സ്വിഫ്റ്റിന്റെ വില്‍പ്പന ഗണ്യമായി കുറഞ്ഞിരുന്നു. പുതിയ പതിപ്പ് മുഖം മിനുക്കി എത്തിക്കുന്നതോടെ ഈ വില്‍പ്പന തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.

ജപ്പാനില്‍ പുറത്തിറക്കിയ പുതുതലമുറ സ്വിഫ്റ്റ് അടുത്ത വര്‍ഷം ഇന്ത്യയിലെത്തുന്നതിന് മുന്‍മ്പ് തന്നെ DLX പതിപ്പിലൂടെ സ്വിഫ്റ്റ് വില്‍പ്പന വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗിന് പുറമേ സുരക്ഷയ്ക്കായി എഞ്ചിന്‍ ഇമ്മോബിലൈസര്‍, സ്മാര്‍ട്ട് വാര്‍ണിങ് ഇന്‍ഡികേറ്റേര്‍, I കാറ്റ് സെക്യൂരിറ്റി സിസ്റ്റം, ചൈല്‍ഡ് സേഫ്റ്റി ലോക്ക് എന്നിവയും വാഹനത്തിലുണ്ട്. പെട്രോള്‍ പതിപ്പില്‍ 20 കിലോമീറ്ററും ഡീസലില്‍ 25.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് DLX പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Top