എസ്-പ്രെസോയുടെ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ടു

മാരുതി സുസുക്കിയുടെ മൈക്രോ എസ്.യു.വിയായ എസ്-പ്രെസോയുടെ രേഖാ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. ഈ മാസം 30ന് വാഹനം വിപണിയിലെത്തുന്നതിന് മുന്നോടിയായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചെറു കാര്‍ വിപണിയിലേയ്ക്ക് എസ്.യു.വി ചന്തവുമായി എത്തുന്ന കാറിന് 3.3 ലക്ഷം രൂപമുതല്‍ 4.5 ലക്ഷം രൂപ വരെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. പത്തു വേരിയന്റുകളിലായാണ് പുതിയ കാര്‍ വില്‍പനയ്‌ക്കെത്തുക.

കണ്‍സെപ്റ്റ് മോഡലില്‍ കാര്യമായ മറ്റം വരുത്താതെ മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമില്‍ ബോക്‌സി ഡിസൈന്‍ ശൈലിയിലാണ് എസ്-പ്രെസോ നിര്‍മിച്ചിരിക്കുന്നത്. ആള്‍ട്ടോയെക്കാള്‍ വലുതും ബ്രെസയേക്കാള്‍ കുഞ്ഞനുമാണീ വാഹനം. നീളത്തില്‍ ക്വിഡിനേക്കാള്‍ കുഞ്ഞനും ഉയരത്തില്‍ ക്വിഡിനെക്കാള്‍ വലിയ വാഹനവുമാണ് എസ്-പ്രെസോ.

റെനോ ക്വിഡ്, മഹീന്ദ്രയുടെ കെയുവി 100 എന്നീ വാഹനങ്ങളളുടെ എതിരാളിയായാണ് മാരുതി എസ്-പ്രെസോയെ അവതരിപ്പിക്കുന്നത്. സ്‌റ്റൈലിഷ് വാഹനമായിരിക്കും എസ്-പ്രെസോയെന്നാണ് സൂചനകള്‍.

മസ്‌കുലാര്‍ ബോഡിയും ക്രോമിയം ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയടങ്ങുന്ന എക്സ്റ്റീരിയറും ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറുമായിരിക്കും വാഹനത്തിനെ അലങ്കരിക്കുക. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിന് ആഡംബര ഭാവമൊരുക്കും.

67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം പ്രതീക്ഷിക്കാമെന്നാണ് സൂചന.

Top