തലയുയര്‍ത്തി ലോകത്തെ രണ്ടാമത്തെ പെര്‍ഫോമിംഗ് ഓട്ടോ കമ്പനിയായി മാരുതി സുസുകി

ലോകത്തെ രണ്ടാമത്തെ മികച്ച പെര്‍ഫോമിംഗ് ഓട്ടോ കമ്പനിയായി മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ്.

ഓട്ടോമൊബൈല്‍ മേഖലയിലെ ആദ്യ പതിനഞ്ച് ഓഹരികളുടെ പ്രകടനം കണക്കിലെടുത്താണ് മാരുതി സുസുകി രണ്ടാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വിപണി വിഹിതത്തിന്റെ കാര്യത്തിലും ഒന്നാമതാണ്.

മാരുതിയുടെ ഓഹരി വില ഈ വര്‍ഷം ഇതുവരെ 53.32 ശതമാനമാണ് വര്‍ധിച്ചത്.

അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയാണ് മുന്നിൽ. ടെസ്‌ലയുടെ ഓഹരി ഇതേ കാലയളവില്‍ 70.20 ശതമാനം നേട്ടം കൊയ്തു.

ഈ മാസം 12 ന് വ്യാപാരമധ്യേ മാരുതി സുസുകിയുടെ ഒരു ഓഹരിയുടെ വില 8,200 രൂപയായാണ് വര്‍ധിച്ചത്.

അന്ന് 8,161.10 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ലോകത്തെ പതിനൊന്നാമത്തെ വലിയ വാഹന നിര്‍മാണ കമ്പനിയായും മാരുതി മാറിയിരുന്നു.

38.49 ബില്യണ്‍ ഡോളറാണ് ഇപ്പോള്‍ മാരുതിയുടെ വിപണി മൂല്യം. ഔഡി, റെനോ, സുബാരു, ഹ്യുണ്ടായ് കമ്പനികള്‍ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ മാരുതിയുടെ പിന്നിലാണ്.

ഈ കമ്പനികളുടെ വിപണി മൂല്യം യഥാക്രമം 35.23 ബില്യണ്‍ ഡോളര്‍, 27.31 ബില്യണ്‍ ഡോളര്‍, 26.70 ബില്യണ്‍ ഡോളര്‍, 26.46 ബില്യണ്‍ ഡോളര്‍ ആണ്.അടുത്ത പന്ത്രണ്ട് മാസങ്ങളില്‍ മാരുതിയുടെ ഓഹരി നല്ല വരുമാനം സമ്മാനിക്കാനാണ് സാധ്യതയെന്ന് എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് അഭിപ്രായപ്പെട്ടു.

Top