പുത്തന്‍ സെലേറിയൊ പുറത്തിറക്കാന്‍ മാരുതി സുസുക്കി ഒരുങ്ങുന്നു !

രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാര്‍ എന്ന അവകാശവാദത്തോടെ പുത്തന്‍ സെലേറിയൊ പുറത്തിറക്കാന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എല്‍) ഒരുങ്ങുന്നു. എന്‍ട്രിലവല്‍ ഹാച്ച്ബാക്കായ സെലേറിയൊയുടെ പുതുതലമുറ മോഡലിന്റെ അരങ്ങേറ്റം അടുത്ത ബുധനാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്. ഓരോ ലീറ്റര്‍ പെട്രോളിലും 2021 സെലേറിയൊ 26 കിലോമീറ്റര്‍ ഓടുമെന്നാണു മാരുതി സുസുക്കി നല്‍കുന് സൂചന. ഇതോടെ പെട്രോള്‍ കാറുകളുടെ വിഭാഗത്തിലെ മൈലേജ് ചാംപ്യന്‍ ആയി മാറാന്‍ പുത്തന്‍ സെലേറിയൊയ്ക്കാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

പുതിയ സെലേറിയൊയ്ക്കുള്ള ബുക്കിങ് മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 11,000 രൂപ അഡ്വാന്‍സ് നല്‍കി വേണം 2021 സെലേറിയൊ ബുക്ക് ചെയ്യാന്‍. ഇന്ധനക്ഷമതയേറിയ കാറുകളായിരുന്നു എക്കാലവും മാരുതി സുസുക്കി ഇന്ത്യയുടെ കരുത്ത്. അതുകൊണ്ടാവാം പെട്രോള്‍ വില കത്തിക്കയറുന്ന സാഹചര്യത്തിലും മാരുതി സുസുക്കിയുടെ പെട്രോള്‍ മോഡലുകളോടുള്ള ആഭിമുഖ്യത്തില്‍ കാര്യമായ ഇടിവില്ലാത്തത്. പ്രീമിയം ഹാച്ച്ബാക്കുകളായ സ്വിഫ്റ്റും ബലേനൊയുമൊക്കെ ലീറ്ററിന് 24 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയാണു വാഗ്ദാനം ചെയ്യുന്നത്.

പുതുതലമുറ സെലേറിയൊയ്ക്കു കരുത്തേകുക ഒരു ലീറ്റര്‍, കെ 10 സി ഡ്യുവല്‍ ജെറ്റ് വി വി ടി(വേരിയബ്ള്‍ വാല്‍വ് ടൈമിങ്) പെട്രോള്‍ എന്‍ജിനാവുമെന്നാണു സൂചന. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സാധ്യതകളോടെയാവും കാറിന്റെ വരവ്.

നാലു ട്രിമ്മുകളിലായി ഏഴു വകഭേദങ്ങളില്‍ 2021 സെലേറിയൊ വില്‍പ്പനയ്ക്കുണ്ടാവും. ആപ്ള്‍ കാര്‍ പ്ലേ/ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും പുഷ് സ്റ്റാര്‍ട്/സ്റ്റോപ് ബട്ടനും സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മള്‍ട്ടി സ്‌പോക്ക് സ്റ്റീയറിങ് വീലുമൊക്കെ കാറില്‍ പ്രതീക്ഷിക്കാം. നിലവിലെ സെലേറിയൊയുടെ ഷോറും വില 4.66 ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെയായിരുന്നു. 2021 സെലേറിയൊയുടെ വിലയും ആരംഭിക്കുക ഇതേ നിലവാരത്തിലാവുമെന്നാണു വിലയിരുത്തല്‍.

 

Top