വന്‍ നേട്ടം; ഉല്‍പ്പാദനത്തില്‍ 58 ശതമാനം വളര്‍ച്ചയുമായി മാരുതി സുസുക്കി

Maruti

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വന്‍ നേട്ടം. 2021 ജൂലൈയിലെ മാസത്തിലെ ഉല്‍പ്പാദനത്തില്‍ വന്‍ നേട്ടവുമായി മാരുതി സുസുകി. 58 ശതമാനമാണ് മാരുതിയുടെ ഉല്‍പ്പാദന വര്‍ദ്ധനവ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ നിര്‍മാണ പ്ലാന്റുകളില്‍ നിന്നായി 1,70,719 യൂണിറ്റുകള്‍ കമ്പനി ഉല്‍പ്പാദിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,07,687 യൂണിറ്റുകളാണ് ഉല്‍പ്പാദിപ്പിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.

പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മാണം 2020 ജുലൈയിലെ 1,05,345 ല്‍നിന്ന് 1,67,825 യൂണിറ്റായാണ് വര്‍ധിച്ചത്. ആള്‍ട്ടോ, എസ്- പ്രസ്സോ എന്നിവയടങ്ങുന്ന മിനി കാറുകളുടെ ഉല്‍പ്പാദനം 20,638 യൂണിറ്റില്‍നിന്ന് 24,899 യൂണിറ്റായും ഉയര്‍ന്നു. യൂട്ടിലിറ്റി വാഹനങ്ങളുടെ നിര്‍മാണം 19,130 യൂണിറ്റില്‍നിന്ന് 40,094 ആയി. കോംപാക്ട് കാറുകളുടെ നിര്‍മാണം 55,390 ല്‍നിന്ന് 90,604 യൂണിറ്റായി വര്‍ധിച്ചതായും കമ്പനി വ്യക്തമാക്കുന്നു.

അതേസമയം 2021 ജൂലൈയില്‍ നിര്‍മ്മിച്ച വാഹനങ്ങളുടെ എണ്ണം 2020 ജൂലൈയേക്കാള്‍ കൂടുതലാണെങ്കിലും, താരതമ്യം അര്‍ത്ഥവത്തല്ല. കാരണം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വില്‍പ്പന വളരെ താഴ്ന്ന നിലയിലായിരുന്നുവെന്നും മാരുതി സുസുക്കി വ്യക്തമാക്കുന്നു. 2018 ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദനം കുറവാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ 50 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ച പുതിയ നാഴികക്കല്ലും മാരുതി പിന്നിട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ മൊത്തം വോളിയത്തിന്റെ 40 ശതമാനവും ഗ്രാമീണ വിപണികളില്‍ നിന്നുള്ളതാണെന്നാണ് കണക്കുകള്‍.

കമ്പനിയുടെ ഗ്രാമീണ വിപണികളിലെ മൊത്തം വില്‍പ്പനയില്‍ വര്‍ധിച്ചു. മൊത്തം വില്‍പ്പനയുടെ 10 ശതമാനം മാത്രമായിരുന്നു 2008-09 സാമ്പത്തിക വര്‍ഷം ഗ്രാമീണ വിപണികളില്‍ നിന്നും ലഭിച്ചിരുന്നത്. എന്നാല്‍ അതില്‍ ഇപ്പോള്‍വര്‍ധനവ് ഉണ്ടായിരിക്കുന്നതായി കമ്പനി വ്യക്തമാക്കുന്നു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയിലുടനീളമുള്ള ഗ്രാമപ്രദേശങ്ങളില്‍ 1,700 ലധികം കസ്റ്റമൈസ്ഡ് ഔട്ട്‌ലെറ്റുകള്‍ ലഭ്യമായതിനാല്‍ ബ്രാന്‍ഡിന്റെ വിശാലമായ സാന്നിധ്യത്തിലൂടെ ഇത് കൈവരിക്കാനായെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

Top