മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ബലേനോയുടെയും വാഗണ്‍ആറിന്റെയും 16,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു

മാരുതിക്ക് മുമ്പ്, അടുത്തിടെ ഹ്യുണ്ടായിയും കിയയും സിവിടി ഗിയര്‍ബോക്‌സിലെ തകരാര്‍ കാരണം സെല്‍റ്റോസ്, ക്രെറ്റ, വെര്‍ണ എന്നിവയ്ക്ക് തിരിച്ചുവിളിച്ചിരുന്നു. ഇതിന് മുമ്പ് മാരുതി സുസുക്കി 87,000 യൂണിറ്റ് എസ്-പ്രസ്സോ , ഇക്കോ വാനുകള്‍ തിരിച്ചുവിളിച്ചിരുന്നു . സ്റ്റിയറിംഗ് വീല്‍ സജ്ജീകരണത്തില്‍ കണ്ടെത്തിയ തകരാര്‍ കാരണം ഈ വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി മാരുതി സുസുക്കി അപ്പോള്‍ വ്യക്തമാക്കിത്. രണ്ട് വര്‍ഷം മുമ്പ് മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിന്റെ തകരാര്‍ കാരണം സിയാസ്, വിറ്റാര ബ്രെസ്സ, XL6 പെട്രോള്‍ വേരിയന്റുകളുള്‍പ്പെടെ വിവിധ മോഡലുകളുടെ രണ്ട് ലക്ഷത്തോളം യൂണിറ്റുകള്‍ തിരിച്ചുവിളിക്കാന്‍ മാരുതി സുസുക്കി നിര്‍ബന്ധിതരായിരുന്നു. കഴിഞ്ഞ വര്‍ഷം, മാരുതി 1.34 ലക്ഷം യൂണിറ്റ് വാഗണ്‍ആര്‍, ബലേനോ ഹാച്ച്ബാക്കുകള്‍ ഇന്ധന പമ്പുകളില്‍ തകരാറുള്ളതിനാല്‍ തിരിച്ചുവിളിച്ചിരുന്നു. അതേ വര്‍ഷം തന്നെ, തകരാര്‍ സംഭവിച്ച മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിന് 63,493 യൂണിറ്റ് സിയാസ്, എര്‍ട്ടിഗ, XL6 പെട്രോള്‍ സ്മാര്‍ട്ട് ഹൈബ്രിഡ് (SHVS) വേരിയന്റുകളും മാരുതി തിരിച്ചുവിളിച്ചിരുന്നു.

രാജ്യത്തെ നമ്പര്‍ വണ്‍ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ബലേനോയുടെയും വാഗണ്‍ആറിന്റെയും 16,000 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു. ഇന്ധന പമ്പില്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ജൂലൈ 30 നും 2019 നവംബര്‍ ഒന്നിനും ഇടയില്‍ നിര്‍മ്മിച്ച ബലേനോയുടെ 11,851 യൂണിറ്റുകളും വാഗണ്‍ആറിന്റെ 4,190 യൂണിറ്റുകളും കമ്പനി തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടും. തകരാറുള്ള ഇന്ധന പമ്പ് എഞ്ചിന്‍ സ്തംഭിക്കുന്നതിനോ എഞ്ചിന്‍ സ്റ്റാര്‍ട്ടിംഗ് പ്രശ്നങ്ങളിലേക്കോ നയിച്ചേക്കാം. ഈ ഭാഗം മാറ്റിസ്ഥാപിക്കുന്നതിനായി മാരുതി സുസുക്കിയുടെ അംഗീകൃത ഡീലര്‍ വര്‍ക്ക്‌ഷോപ്പുകള്‍ ബാധിച്ച വാഹന ഉടമകളെ ബന്ധപ്പെടും. ഈ മാറ്റിസ്ഥാപിക്കല്‍ സൗജന്യമായി ചെയ്യും.

തകരാറിലായ വാഗണ്‍ ആര്‍, ബലേനോ എന്നിവയുടെ വിന്‍ നമ്പര്‍ വഴി മാരുതി കമ്പനിയുടെ വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും. ഈ തിരിച്ചുവിളിയില്‍ നിങ്ങളുടെ വാഹനത്തിന്റെ നമ്പറും വന്നാല്‍, അടുത്തുള്ള സര്‍വീസ് സെന്ററില്‍ പോയി വാഹനം നന്നാക്കാം. ഫോണ്‍, മെസേജ്, ഇ-മെയില്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് തിരിച്ചുവിളിക്കുന്ന വിവരങ്ങളും കമ്പനി നല്‍കുന്നുണ്ട്.ബലെനോയും വാഗണ്‍ആറും നിര്‍മ്മാതാക്കളുടെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ്. വാഗണ്‍ആര്‍ ഒരു ബജറ്റ് ഹാച്ച്ബാക്കാണ്. എന്നാല്‍ ബലേനോ ഒരു പ്രീമിയം ഹാച്ച്ബാക്കാണ്. മാരുതി സുസുക്കി വാഗണ്‍ആറിന് 5.54 ലക്ഷം മുതല്‍ 7.38 ലക്ഷം രൂപ വരെയാണ് വില. ബലേനോയുടെ വില 8.07 ലക്ഷം മുതല്‍ 11.68 ലക്ഷം രൂപ വരെയാണ്. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്.

Top