യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ കുതിപ്പുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്

പ്രതികൂല സാഹചര്യങ്ങളിലും യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ കുതിപ്പുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലു മാസത്തിനിടെ 10 ലക്ഷത്തിലേറെ വാഹനങ്ങളാണ് മാരുതിയില്‍ നിന്ന് വിറ്റത്. വാഹന പ്രേമികളുടെ ഇഷ്ട വാഹനമായി മാറിയ എംപിവി എര്‍ട്ടിഗയും എസ്യുവികളായ വിറ്റാര ബ്രേസയും എസ്‌ക്രോസും ചേര്‍ന്നാണ് മാരുതി സുസുക്കിക്ക് ഈ നേട്ടം സമ്മാനിച്ചിരിക്കുന്നത്.

ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കൊത്തു യൂട്ടിലിറ്റി വാഹന ശ്രേണി വിപുലീകരിക്കാന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ടെന്നു മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. രാജ്യത്ത് അതിവേഗ വില്‍പ്പന വളര്‍ച്ച കൈവരിച്ചു മുന്നേറുന്ന വിഭാഗമാണു യൂട്ടിലിറ്റി വാഹനങ്ങള്‍. യൂട്ടിലിറ്റി വാഹന വിപണിയില്‍ ഉപയോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായ മോഡലുകള്‍ അവതരിപ്പിക്കാനാണു കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപയോക്താക്കളുടെ മാറുന്ന അഭിരുചികള്‍ സാക്ഷാത്കരിക്കാന്‍ വിറ്റാര ബ്രേസ, എസ്‌ക്രോസ്, എര്‍ട്ടിഗ എന്നിവ ഉള്‍പ്പെടുന്ന യുവി ശ്രേണി പര്യാപ്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ അവതരണമായ എക്‌സ് എല്‍സിക്‌സ് ആവട്ടെ നഗരപ്രദേശങ്ങളിലെ ഉപയോക്താക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു കൂടുതല്‍ നേട്ടം കൊയ്യാന്‍ മാരുതി സുസുക്കി ശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top