മാരുതി സുസുകി ലിമിറ്റഡ് എഡിഷന്‍ സെലേറിയോ ഇന്ത്യയില്‍ എത്തി

ന്യൂഡല്‍ഹി : മാരുതി സുസുകി ഇന്ത്യയില്‍ ലിമിറ്റഡ് എഡിഷന്‍ സെലേറിയോ അവതരിപ്പിച്ചു.

നിലവിലെ മോഡലിനേക്കാള്‍ 16,280 രൂപ അധികം വില നല്‍കണം. വിഎക്‌സ്‌ഐ, ഇസഡ് എക്‌സ്‌ഐ എന്നീ വേരിയന്റുകളില്‍ മാത്രമാണ് സെലേറിയോ ലിമിറ്റഡ് എഡിഷന്‍ ലഭിക്കുക.

വിഎക്‌സ്‌ഐ വേരിയന്റിന് 4.87 ലക്ഷം രൂപയാണെങ്കില്‍ ഇസഡ് എക്‌സ്‌ഐ എന്ന ടോപ് വേരിയന്റിന് 5.19 ലക്ഷം രൂപ നല്‍കേണ്ടിവരും.

ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍, ഫോഗ് ലാംപുകള്‍, ടെയ്ല്‍ഗേറ്റ്, ടെയ്ല്‍ ലാംപുകള്‍, ഹെഡ്‌ലാംപുകള്‍ എന്നിവയിലെ ക്രോം സാന്നിധ്യം ലിമിറ്റഡ് എഡിഷന്‍ സെലേറിയോയെ ശ്രദ്ധേയമാക്കുന്നു.

ബോഡി ഗ്രാഫിക്‌സ്, സൈഡ് മൗള്‍ഡിംഗുകള്‍, ഡോര്‍ വൈസറുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.

അപ്‌ഹോള്‍സ്റ്ററിയുമായി ചേര്‍ച്ചയുള്ള പുതിയ സ്റ്റിയറിംഗ് കവര്‍, ടിഷ്യൂ ബോക്‌സ്, ആംബിയന്റ് ലൈറ്റിംഗ്, പുതിയ സീറ്റ് കവറുകള്‍ എന്നിവയാണ് ഇന്റീരിയറിലെ പുതിയ ഫീച്ചറുകള്‍.

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ മറ്റൊരു പ്രധാന സവിശേഷതയാണ്. മാനുവല്‍, ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ഓപ്ഷനുകളില്‍ ഈ ഫീച്ചര്‍ ലഭിക്കും.

ഈ അപ്‌ഡേറ്റുകള്‍ കൂടാതെ കാറിന് മറ്റ് മാറ്റങ്ങളില്ല. ബോണറ്റിനടിയില്‍ സ്റ്റാന്‍ഡേഡ് മോഡലില്‍ കാണുന്ന അതേ കെ10ബി 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്.

പരമാവധി 67 എച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ജനിപ്പിക്കുന്നത്. 5 സ്പീഡ് മാനുവല്‍, ഓട്ടോ ഗിയര്‍ ഷിഫ്റ്റ് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

നേരത്തെ പറഞ്ഞ അതേ എന്‍ജിനില്‍ സിഎന്‍ജി ഓപ്ഷനായും മാരുതി സുസുകി സെലേറിയോ ലിമിറ്റഡ് എഡിഷന്‍ ലഭിക്കും. പെട്രോള്‍ എന്‍ജിന്‍ 20.36 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമ്പോള്‍ സിഎന്‍ജി വേരിയന്റ് 31.79 കിലോമീറ്റര്‍ മൈലേജ് തരും.

പ്രീമിയം വാഹനങ്ങളില്‍ കാണുന്ന ഈ പുതിയ ഫീച്ചറുകള്‍, പ്രത്യേകിച്ച് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ആംബിയന്റ് ലൈറ്റിംഗും സ്റ്റാന്‍ഡേഡ് സെലേറിയോയില്‍ ലഭ്യമല്ല.

Top