മാരുതി സുസുക്കിയുടെ ‘എസ് പ്രസോ’ സെപ്റ്റംബര്‍ 30ന് അരങ്ങേറ്റം കുറിക്കുന്നു

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പുത്തന്‍ ഹാച്ച്ബാക്കായ ‘എസ് പ്രസോ’ സെപ്റ്റംബര്‍ 30ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ‘ഫ്യൂച്ചര്‍ എസ് കണ്‍സപ്റ്റി’ന്റെ സ്വാധീനമാണ് എസ് പ്രസോയില്‍ പ്രകടമാവുകയെന്നാണ് സൂചന. ഓള്‍ട്ടോ കെ 10 നിലനിര്‍ത്തിയാണ് എസ് പ്രസോ എത്തുന്നതെന്നതിനാല്‍ കാറിന്റെ വില 3.70 ലക്ഷം രൂപയ്ക്കും നാലു ലക്ഷം രൂപയ്ക്കുമിടയിലാകാനാണ് സാധ്യത.

ഹാച്ച്ബാക്കാണെങ്കിലും എസ്.യു.വികളില്‍ നിന്നു പ്രചോദിതമായ രൂപകല്‍പ്പനയാവും എസ് പ്രസോയുടെ പ്രധാന സവിഷേത. പ്രധാന എതിരാളിയായ റെനോ ക്വിഡിനെ പോലെ പേശീബലം തോന്നിപ്പിക്കാനുള്ള ചെപ്പടിവിദ്യകളുമായിട്ടാവും എസ് പ്രസോയുമെത്തുക. അതുകൊണ്ടുതന്നെ കൊഴുത്ത മുന്‍ പിന്‍ ബംപറുകളും സ്‌കഫ് പ്ലേറ്റുകളുമൊക്കെ കാറില്‍ പ്രതീക്ഷിക്കാം. ഒപ്പം ഡാഷ്‌ബോഡിന്റെ മധ്യത്തിലാവും സ്പീഡോമീറ്ററിന്റെ സ്ഥാനമെന്നാണു സൂചന.

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബി.എസ് ആറ്) നിലവാരം പുലര്‍ത്തുന്ന ഒരു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാവും കാറിലെ പ്രധാന സവിശേഷത. 2020 ഏപ്രില്‍ ഒന്നിനു ബി.എസ് ആറ് പ്രാബല്യത്തിലെത്താനിരിക്കെ മാരുതി സുസുക്കി 800 സി.സി, 1.2 ലീറ്റര്‍, 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലെല്ലാം ഈ നിലവാരം കൈവരിച്ചു കഴിഞ്ഞു. എസ് പ്രസോയിലൂടെ എത്തുന്ന, ബി.എസ് ആറ് നിലവാരമുള്ള ഈ ഒരു ലീറ്റര്‍ എന്‍ജിന്‍ വൈകാതെ സെലേറിയൊയിലും വാഗന്‍ ആറിലും ഇടംപിടിക്കും.

Top