വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി!

maruti

വര്‍ഷം മൂന്നാമതും വില വര്‍ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. സെപ്റ്റംബറില്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും എന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരുതി അള്‍ട്ടോ മുതല്‍ വിറ്റാര ബ്രെസ വരെ, മാരുതി നിര്‍മിക്കുന്ന എല്ലാ മോഡലുകള്‍ക്കും വില വര്‍ധനവ് ബാധകമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയിലും ഏപ്രിലിലും മാരുതി മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.

എന്നാല്‍ വര്‍ധനവ് എത്രയായിരിക്കുമെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയില്‍ നിര്‍മാണച്ചിലവിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി കാറുകളുടെ വില കമ്പനി 34,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ഏപ്രിലില്‍, രണ്ടാമത്തെ വര്‍ധനവ് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ കാറുകളുടെ വില ഏകദേശം 1.6 ശതമാനം വീണ്ടും ഉയര്‍ന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മാണ ചെലവില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് വാഹന നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതായും അതിനാല്‍, വില വര്‍ധനയിലൂടെ നഷ്ടം കുറക്കാനാണ് ആഗ്രഹിക്കുന്നതെന്നും മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍മാണ ചെലവ് വര്‍ധിക്കുന്നതിനാല്‍ വില വര്‍ധിപ്പിക്കുന്ന ഒരേയൊരു ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാവല്ല മാരുതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊറോണ വ്യാപിച്ചതിനുശേഷം ഇന്ത്യന്‍ വാഹന വ്യവസായം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദുര്‍ബലമായ ആവശ്യകതയും ഉയര്‍ന്ന വിലയും വിപണിയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്.

 

Top