maruti suzuki ignis get cvt

കോംപാക്റ്റ് ക്രോസ് ഓവര്‍ സെഗ്‌മെന്റിലേയ്ക്ക് മാരുതി ഉടന്‍ പുറത്തിറക്കുന്ന വാഹനം ഇഗ്‌നിസിന് ഓട്ടമാറ്റിക്ക് വകഭേദവുമായിട്ടായിരിക്കും എത്തുക.

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന് (എഎംടി) പകരം കണ്‍ടിന്യുവസ്‌ലി വേരിബിള്‍ ട്രാന്‍മിഷനായിരിക്കുമെന്നാണ് (സിവിടി) കമ്പനിയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍.

എസ് ക്രോസിനും നെക്‌സയ്ക്കും ശേഷം മാരുതി, നെക്‌സ ഡീലര്‍ഷിപ്പുവഴി വില്‍ക്കുന്ന ഇഗ്‌നിസ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

അഞ്ചു ലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ് യു വി വിപണി പിടിക്കാനെത്തുന്ന ഇഗ്‌നിസിന് 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഉണ്ടാകുക.

2015 ടോക്കിയോ ഓട്ടോഷോയില്‍ അവതരിപ്പിച്ച മോഡല്‍ ആദ്യമായാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത് ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ വെച്ചായിരുന്നു. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇഗ്‌നിസ് ചെറു എസ് യു വിയാണെങ്കിലും മസ്‌കുലറായ രൂപത്തിനുടമയാണ്.

രാജ്യാന്തര വിപണിയില്‍ 1.25 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയില്‍ പുറത്തിറങ്ങുമ്പോള്‍ 1.2 ലിറ്റര്‍ കെ12 പെട്രോള്‍ എന്‍ജിനും 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ടാകും.

വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്‌നിസിന്റെ പ്രത്യേകതകളാണ്.

ദീപാവലിയോടെ വിപണിയിലെത്തും എന്നു കരുതുന്ന ഇഗ്‌നിസ് നെക്‌സ വഴി വില്‍ക്കുന്ന മാരുതിയുടെ മൂന്നാമത്തെ വാഹനമായിരിക്കും.

Top