പ്രീമിയം എംപിവി ഇന്‍വിക്‌റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി

പ്രീമിയം എംപിവി ഇന്‍വിക്‌റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 25000 രൂപ നല്‍കി നെക്‌സ ഡീലര്‍ഷിപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. മാരുതി നിരയിലെ ഏറ്റവും വില കൂടിയതും ഓട്ടമാറ്റിക് മോഡിലും ലഭിക്കുന്ന ഏക മോഡല്‍ ഇതായിരിക്കും. ജൂലൈ 5ന് വാഹനം പുറത്തിറക്കുമെന്നാണ് മാരുതി അറിയിക്കുന്നത്. ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്.

ഇന്നോവയുടെ പുതിയ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മാരുതിയുടെ മോഡലില്‍ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രില്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്. എന്നിവ ഈ മോഡലിലുണ്ടാകും. ടൊയോട്ടയുടെ ടിഎന്‍ജിഎ-സി ആര്‍ക്കിടെക്ച്ചറിലാണ് എംപിവിയുടെ നിര്‍മാണം. ഇന്നോവ ഹൈക്രോസിലുള്ള എഡിഎഎസ് ഫീച്ചറുകള്‍ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക.

ഇന്നോവ ഹൈക്രോസിലെ 2 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുകളില്‍ പുതിയ വാഹനം എത്തും. 183 ബിഎച്ച്പി കരുത്തുള്ള ഹൈബ്രിഡ് പതിപ്പില്‍ ഇ സിവിടി ഗിയര്‍ബോക്‌സ് ഉപയോഗിക്കുമ്പോള്‍ 173 ബിഎച്ച്പി കരുത്തുള്ള പെട്രോള്‍ എന്‍ജിന്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സായിരിക്കും. ഹൈബ്രിഡ് പതിപ്പിന് 21 കിലോമീറ്റര്‍ ഇന്ധനക്ഷതമയും പ്രതീക്ഷിക്കാം.

2017 ലാണ് ടൊയോട്ടയും സുസുക്കിയും സഹകരണത്തില്‍ എത്തുന്നത്. തുടര്‍ന്ന് ബലേനോ, ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പുകള്‍ കമ്പനി വിപണിയിലെത്തിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും മാരുതിയും ടൊയോട്ടയും ചേര്‍ന്ന് വികസിപ്പിച്ച വാഹനമാണ്. കൂടാതെ സിയാസ്, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പും ഉടന്‍ വിപണിയിലെത്തും.

 

 

Top