Maruti Suzuki Can Be Booked On Flipkart By Bangalore Market

വാഹനത്തിന്റെ ബുക്കിംങും പര്‍ച്ചേസും ഫ്‌ളിപ്കാര്‍ട്ട് വഴി സുഗമമാക്കിയിരിക്കുകയാണ് മാരുതി സുസുക്കി. ഫ്‌ളിപ്കാര്‍ട്ട് മാരുതി കാറുകളുടെ ബുക്കിംഗ് സ്വീകരിക്കുമെങ്കിലും നിലവില്‍ ഈ സൗകര്യം ബാംഗ്‌ളൂരില്‍ മാത്രമായിരിക്കും ലഭ്യമാവുക.

എല്ലാ മാരുതി കാറുകളും ഇപ്പേള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്. എന്നാല്‍ നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി ലഭിക്കുന്ന ബലേനോ, എസ്‌ക്രോസ് എന്നീ മോഡലുകള്‍ ഇവിടെ ലഭ്യമല്ല. ഫ്‌ളിപ്കാര്‍ട്ട് മുഖേന വാഹനങ്ങള്‍ ബുക്ക് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ലളിതമാണ്.

ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന മോഡലുകള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. അടുത്തതായി ചെയ്യേണ്ടത് 10,000 രൂപ ബുക്കിംഗ് തുകയായി ഫ്‌ളിപ്കാര്‍ട്ടിന് നല്‍കുക എന്നതാണ്. പണം നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അടയ്ക്കാവുന്നതാണ് . ക്യാഷ് ഓണ്‍ ഡെലിവറി എന്ന സൗകര്യം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഫ്‌ളിപ്കാര്‍ട്ടില്‍ ബുക്കിംഗ് കഴിഞ്ഞാലുടന്‍ അടുത്തുള്ള ഡീലര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കളെ സമീപിക്കുന്നതായിരിക്കും. അതിനൊപ്പം ടെസ്റ്റ് ഡ്രൈവും മറ്റുള്ള സജ്ജീകരണങ്ങളും ഡീലര്‍മാര്‍ ഒരുക്കി തരുന്നതാണ്.

ഫ്‌ളിപ്കാര്‍ട്ടിന്റെ ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍ ലഭിക്കും. ഷോറൂം വിലയില്‍ 9,999 രൂപയുടെ കിഴിവും മാരുതി ഇന്‍ഷൂറന്‍സില്‍ 5,001 രൂപയുടെ കിഴിവും ഉണ്ടായിരിക്കും. വാഹനത്തിന്റെ ഡെലിവറിക്ക് ശേഷം 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭ്യക്കുന്നതാണ്. ഫ്‌ളിപ്കാര്‍ട്ട് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് എക്‌സേഞ്ച് ഓഫറുകള്‍ ലഭിക്കും. പഴയ മോഡലുകളുടെ എക്‌സേഞ്ചിനാണെങ്കില്‍ 10,000 രൂപ വരെ കിഴിവുണ്ട്. വാഹനത്തിന്റെ ഡെലിവറി സമയത്ത് ഫ്‌ളിപ്കാര്‍ട്ട് എല്ലാ ആക്‌സറീസിനും പത്ത് ശതമാനം ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top