സ്വിഫ്റ്റിന് പിന്നാലെ ബലെനോ ഹാച്ച്ബാക്ക് ലിമിറ്റഡ് എഡിഷനുമായി മാരുതി

പ്രീമിയം ബലെനോ ഹാച്ച്ബാക്കിന്റെ പരിമിതകാല പതിപ്പിനെ മാരുതി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ലിമിറ്റഡ് എഡിഷന്‍ ബലെനോയുടെ വില മാരുതി പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ബലെനോ ലിമിറ്റഡ് എഡിഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ സാധാരണ ബലെനോയെക്കാളും 30,000 രൂപവരെ മോഡലിന് അധികവില പ്രതീക്ഷിക്കാം.

പുറംമോടിയിലും അകത്തളത്തിലും സംഭവിച്ച മാറ്റങ്ങളാണ് ബലെനോ ലിമിറ്റഡ് എഡിഷന്റെ മുഖ്യവിശേഷങ്ങള്‍. നേരത്തെ ഇഗ്‌നിസ് ലിമിറ്റഡ് എഡിഷനെയും കമ്പനി വിപണിയില്‍ കൊണ്ടുവന്നിരുന്നു.

പുതിയ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ഹാച്ച്ബാക്കിന്റെ സ്‌പോര്‍ടി ഭാവത്തെ കാര്യമായി സ്വാധീനിക്കും. അകത്തളത്തില്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററിയിലാണ് പുതുമ അനുഭവപ്പെടുക. പരിഷ്‌കരിച്ച സീറ്റ് കവറില്‍ കാര്‍ബണ്‍ അലങ്കാരം ശ്രദ്ധയില്‍പ്പെടും. സ്മാര്‍ട്ട് കീ ഫൈന്‍ഡര്‍, നെക്‌സ കീ റിങ്, പ്രീമിയം ടിഷ്യു ബോക്‌സ് എന്നിവയും പുതിയ മോഡലിന്റെ സവിശേഷയായി ചൂണ്ടിക്കാട്ടാം.

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് ബലെനോയില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധിയേകും. 74 bhp കരുത്തും 190 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക.

Top