ബലേനൊ പുതിയ മോഡൽ 23 ന് വിപണിയിൽ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ പരിഷ്‌കരിച്ച പതിപ്പ് ഈ 23ന് അരങ്ങേറ്റം കുറിക്കും. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളോടെയാവും ബലേനൊയുടെ പുതിയ പതിപ്പ് വിപണിയിലെത്തുകെയന്നാണു സൂചന. അവതരണത്തിനു മുന്നോടിയായി 2022 ബലേനൊയ്ക്കുള്ള ബുക്കിങ്ങും മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളില്‍ തന്നെ പുതിയ ബലേനൊ ഉടമസ്ഥര്‍ക്കു കൈമാറുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിലവിലുള്ള കാറിനെ അപേക്ഷിച്ച് വീതിയേറിയ മുന്‍ ഗ്രില്ലുമായാണു പുത്തന്‍ ബലേനൊയുടെ വരവ്. നവീകരിച്ച ഡേ ടൈം റണ്ണിങ് ലാംപ്(ഡി ആര്‍ എല്‍) സഹിതം പുത്തന്‍ ഹെഡ്‌ലാംപുകളും കാറിലുണ്ട്. കാഴ്ചയില്‍ കൂടുതല്‍ പക്വതയ്ക്കായി ഫോഗ് ലാംപിന്റെ വലിപ്പവും വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ശ്വങ്ങളില്‍ വിന്‍ഡോ ലൈനിനു ക്രോമിയം സ്പര്‍ശം നല്‍കിയതിനൊപപ്പം 10 സ്‌പോക്ക് അലോയ് വീലിന്റെ രൂപകല്‍പനയും പരിഷ്‌കരിച്ചിട്ടുണ്ട്. പിന്നില്‍ പുതിയ റാപ് എറൗണ്ട് എല്‍ ഇ ഡി ടെയില്‍ ലാംപ് ഇടംപിടിക്കുന്നു; ഒപ്പം പിന്‍ ബംപറും പരിഷ്‌കരിച്ചിട്ടുണ്ട്.

അകത്തളത്തില്‍ ഒന്‍പത് ഇഞ്ച് ഡിജിറ്റല്‍ ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി കാമറ, ഹെഡ് അപ് ഡിസ്‌പ്ലേ സ്‌ക്രീന്‍, പുത്തന്‍ ഓഡിയോ സിസ്റ്റം എന്നിവയൊക്കെയാണ് ‘2022 ബലേനൊ’യിലെ സവിശേഷതകള്‍. പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍,പരിഷ്‌കരിച്ച സ്റ്റീയറിങ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോളിനു പുത്തന്‍ സ്വിച്ചുകള്‍ എന്നിവയുമുണ്ട്. പുതുമ തോന്നിക്കാനായി അപ്‌ഹോള്‍സ്ട്രിയും മാറ്റി.

അതേസമയം 2022 ബലേനൊയിലും സണ്‍റൂഫ് ലഭിക്കാനിടയില്ല. ഒപ്പം സാങ്കേതിക വിഭാഗത്തില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. ഹ്യുണ്ടേയ് ഐ20, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ് തുടങ്ങിവയോടാവും 2022 ബലേനൊയുടെ പോരാട്ടം.

 

Top