maruti super carry lcv

മാരുതി സുസുക്കിയുടെ ലൈറ്റ് കോമേഷ്യല്‍ വെഹിക്കിള്‍ (എല്‍ സി വി) സൂപ്പര്‍ ക്യാരി ഓഗസ്റ്റ് അവസാനം വിപണിയിലെത്തും. അഹമ്മദാബാദ്, കൊല്‍ക്കത്ത, ലുദിയാന തുടങ്ങിയ നഗരങ്ങളിലാകും സൂപ്പര്‍ക്യാരി ആദ്യം പുറത്തിറങ്ങുക.

അഹമ്മദാബാദില്‍ 4.03 ലക്ഷം രൂപയും, കൊല്‍ക്കത്തയില്‍ 4.11 ലക്ഷം രൂപയും, ലുദിയാനയില്‍ 4.01 ലക്ഷം രൂപയുമാണ് സൂപ്പര്‍ ക്യാരിയുടെ എക്‌സ് ഷോറൂം വില.

793 സിസി ലൈറ്റ് വെയിറ്റ് കോംപാക്റ്റ് രണ്ട് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 3500 ആര്‍പിഎമ്മില്‍ 24 കിലോ വാട്ട് കരുത്തും 2000 ആര്‍പിഎമ്മില്‍ 75 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് ഈ എന്‍ജിന്‍.

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന വാഹനത്തിന് 22.07 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

‘സൂപ്പര്‍ കാരി’യെന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മിച്ച എല്‍ സി വി മാരുതി സുസുക്കി കയറ്റുമതി തുടങ്ങിയിട്ടുണ്ട്. മേയില്‍ ഉല്‍പ്പാദനം ആരംഭിച്ച ‘സൂപ്പര്‍ കാരി’ ദക്ഷിണ ആഫ്രിക്കയിലും താന്‍സാനിയയിലുമാണു വില്‍പ്പനയ്‌ക്കെത്തുന്നത്.

ഇരുരാജ്യങ്ങളിലേക്കുമായി ഇതുവരെ നൂറോളം ‘സൂപ്പര്‍ കാരി’ കമ്പനി കയറ്റുമതി ചെയ്തു കഴിഞ്ഞു.

വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടിരുന്ന ഇന്ത്യന്‍ എല്‍ സി വി വിപണി ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തിലെ എല്‍ സി വി വില്‍പ്പനയില്‍ 2015ല്‍ ഇതേകാലത്തെ അപേക്ഷിച്ച് 12% വര്‍ധന രേഖപ്പെടുത്തിയിരുന്നു.

ഇക്കൊല്ലം മികച്ച മഴ കൂടി ലഭിച്ചതോടെ ഗ്രാമീണ മേഖലയിലെ എല്‍ സി വി വില്‍പ്പന കൂടുതല്‍ ഉഷാറാവുമെന്നാണു പ്രതീക്ഷ.

Top