ലോക്ക്ഡൗണ്‍ ഇളവില്‍ ദിവസങ്ങള്‍ക്കകം 5000 കാറുകള്‍ നിരത്തിലെത്തിച്ച് മാരുതി

ലോക്ക്ഡൗണ്‍ ഇളവില്‍ ദിവസങ്ങള്‍ക്കകം 5000 കാറുകള്‍ നിരത്തിലെത്തിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ തന്നെ മാരുതിയുടെ 1350 ഷോറൂമുകളും 300 ട്രൂവാല്യു ഷോറൂമുകളും തുറന്നിരുന്നു. ബുക്കിങ്ങുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഓണ്‍ലൈനിലൂടെയാണ് നടക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് മാരുതിയുടെ ഓരോ ഷോറൂമുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നതില്‍ മാരുതിക്ക് അഭിമാനമുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ സിഇഒ അഭിപ്രായപ്പെട്ടു.

ഉപയോക്താക്കളെ മാരുതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് പരമാവധി പ്രത്സാഹിപ്പിക്കുന്നുണ്ടെന്നും ഓരോ ഇടപാടുകളില്‍ സമൂഹിക അകലം പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ 1964 ചെറുതും വലുതുമായ നഗരങ്ങളിലായി 3086 ഷോറൂമുകളാണ് മാരുതി സുസുക്കി നെറ്റ് വര്‍ക്കിനുള്ളത്. ഈ ഷോറൂമുകളിലെല്ലാം സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനൊപ്പം റെഡ് സോണ്‍പോലെ ജാഗ്രത നിര്‍ദേശമുള്ള പ്രദേശങ്ങളിലെ ഷോറൂമുകള്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും മാരുതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, മാരുതി അവതരിപ്പിച്ച ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Top