മാന്ദ്യത്തില്‍ നിന്ന് മുക്തി നേടി മാരുതി; വില്‍പ്പനയില്‍ 3.5 ശതമാനത്തിന്റെ നേട്ടം

വില്‍പ്പനയില്‍ 3.5 ശതമാനത്തിന്റെ നേട്ടം കൈവരിച്ച് മാരുതി. ഏതാനും മാസമായി ഇന്ത്യയിലെ വാഹന വിപണി വലിയ മാന്ദ്യമായിരുന്നു നേരിട്ടിരുന്നത്. എന്നാല്‍ ഡിസംബര്‍ മാസത്തെ കണക്കനുസരിച്ച് മാരുതി 3.5 ശതമാനത്തിന്റെ നേട്ടമാണ് നേടിയത്.

ഡിസംബര്‍ മാസം 1,25,735 വാഹനങ്ങളാണ് മാരുതിയില്‍ നിന്ന് നിരത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2018 ഡിസംബറില്‍ ഇത് 1,21,479 യൂണിറ്റായിരുന്നു. എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.

മാരുതിയുടെ വില്‍പ്പനയ്ക്ക് കരുത്തേകിയത് സ്വിഫ്റ്റ്, ഡിസയര്‍, ബലേനൊ തുടങ്ങിയ വാഹനങ്ങളാണ്. യൂട്ടിലിറ്റി വാഹനശ്രേണിയിലും മാരുതി കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. വിത്താര ബ്രെസ, എര്‍ട്ടിഗ, എക്സ്എല്‍6 എന്നീ വാഹനങ്ങള്‍ ചേര്‍ന്ന് 17.7 ശതമാനം വില്‍പ്പന നേട്ടമുണ്ടാക്കിയിട്ടുണ്ട്.

Top