മാരുതി തങ്ങളുടെ പ്രതിമാസ ഉത്പാദനം വർധിപ്പിച്ചതായി റിപ്പോർട്ട്

രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പ്രതിമാസ ഉൽപ്പാദനം വർധിപ്പിച്ചിരിക്കുകയാണ്. 2022 ജൂലൈ മാസത്തില്‍ മാരുതി സുസുക്കി മൊത്തം 1,84,890 യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ചു എന്നും ഇത് കഴിഞ്ഞ കുറച്ച് മാസങ്ങളിലെ എണ്ണത്തേക്കാൾ താരതമ്യേന കൂടുതലാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2022 ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 28 ശതമാനത്തിലധികം കൂടുതലാണ്. ഈ മാസം ഉൽപ്പാദിപ്പിച്ച യാത്രാ വാഹനങ്ങളുടെ എണ്ണം 1,79,972 യൂണിറ്റാണ്.

മിനി, കോംപാക്ട് ഉപവിഭാഗത്തിന് കീഴിൽ 1,24,150 വാഹനങ്ങളാണ് മാരുതി സുസുക്കി നിർമ്മിച്ചത്. ആൾട്ടോ , വാഗൺ ആർ , സ്വിഫ്റ്റ് , ബലേനോ , ഡിസയർ , സെലേറിയോ തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന ഈ വിഭാഗമാണ് ബ്രാൻഡിന്റെ വിൽപ്പനയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത്. മിഡ് – സൈസ് സെഗ്‌മെന്റിലേക്ക് വരുമ്പോൾ, മൊത്തം 2,281 യൂണിറ്റുകൾ നിർമ്മിച്ചുകൊണ്ട് സിയാസിന്റെ ഉത്പാദനം വർദ്ധിപ്പിച്ചു. എർട്ടിഗ , എസ് – ക്രോസ് , വിറ്റാര ബ്രെസ്സ , XL6 എന്നീ യൂട്ടിലിറ്റി വാഹനങ്ങൾ 53,541 യൂണിറ്റുകൾ നിർമ്മിച്ചു. മൊത്തം നിർമ്മിച്ച പാസഞ്ചർ വാഹനങ്ങളുടെ എണ്ണം 1,79,972 യൂണിറ്റാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

Top