ഇന്ത്യന്‍ കാര്‍ വിപണി നേരിടുന്നത് കടുത്ത മാന്ദ്യം; ഉത്പാദനം വീണ്ടും കുറച്ച് മാരുതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയില്‍ അനുഭവപ്പെടുന്ന മാന്ദ്യം ഉത്പാദനം വെട്ടികുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി ഉത്പാദനം വീണ്ടും വെട്ടിക്കുറച്ചു. ജൂലൈ മാസത്തില്‍ കമ്പനി ഉല്പാദനത്തില്‍ 25.15 ശതമാനത്തിന്റെ കുറവ് വരുത്തി. തുടര്‍ച്ചയായ ആറാം മാസമാണ് മാരുതി ഉത്പാദനത്തില്‍ കുറവ് വരുത്തുന്നത്.

കഴിഞ്ഞ മാസം 133,625 കാറുകളാണ് മാരുതി നിര്‍മ്മിച്ചത്. 2018 ജൂലൈയില്‍ ഇത് 178,533 യൂണിറ്റുകളായിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. എല്ലാ മോഡലുകളുടെയും ഉത്പാദനത്തില്‍ ഗണ്യമായ വെട്ടിക്കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ജൂലൈയില്‍ മാരുതിയുടെ വില്പന 33.5 ശതമാനം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം വീണ്ടും കുറിച്ചിരിക്കുന്നത്. മറ്റു കമ്പനികളും ഉത്പാദനം കുറയ്ക്കുകയാണ്.

ഇന്ത്യയിലെ വാഹന വില്‍പന ഏപ്രില്‍ മാസത്തില്‍ 17 ശതമാനത്തോളം കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് ഇന്ത്യയിലെ വാഹന വിപണി നേരിടുന്നത്. സൂപ്പര്‍ കാരി എല്‍ സി വി ഒഴികെയുള്ള എല്ലാ മോഡലുകളുടെയും ഉത്പാദനം മാരുതി കുറച്ചിട്ടുണ്ട്.

Top