Maruthi Suzuki – new development

പുതിയ സാമ്പത്തിക വര്‍ഷത്തിലെ വാഹന വില്‍പ്പനയിലും തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാനാവുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു പ്രതീക്ഷ. മൊത്തം 14,29,248 യൂണിറ്റിന്റെ വില്‍പ്പനയോടെ 2015 16ല്‍ കമ്പനി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു; ഇതില്‍ 1,23,897 കാറുകളായിരുന്ന കയറ്റുമതി.

2014 15ലെ വില്‍പ്പനയെ അപേക്ഷിച്ച് 10.6% ആണു വര്‍ധന. വിറ്റുവരവിലും കമ്പനി ചരിത്രം തിരുത്തി. 2014 15ല്‍ 48,606 കോടി രൂപ വിറ്റുവരവ് സ്വന്തമാക്കി റെക്കോര്‍ഡ് സൃഷ്ടിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2015 16ല്‍ വിറ്റുവരവ് 56,350.40 കോടി രൂപയായി ഉയര്‍ത്തിയാണു പുതിയ ചരിത്രം രചിച്ചത്.

ഇക്കൊല്ലത്തെ വില്‍പ്പനയിലും 10 ശതമാനത്തിലേറെ വളര്‍ച്ചയാണു മാരുതി സുസുക്കിയുടെ മോഹം. കൂടാതെ 2016 17ല്‍ മൂലധന ചെലവുകള്‍ക്കായി 4,400 കോടി രൂപയും കമ്പനി വകയിരുത്തിയിട്ടുണ്ട്. വിദേശനാണയ വിനിമയ നിരക്ക്, ഉല്‍പന്ന വിലയിലെ വര്‍ധന എന്നിവയ്‌ക്കൊപ്പം പരിസ്ഥിതി വാദികള്‍ സൃഷ്ടിച്ച സമ്മര്‍ദങ്ങളും വാഹന വ്യവസായത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നാണു മാരുതി സുസുക്കി ഇന്ത്യയുടെ വിലയിരുത്തല്‍.

അതുകൊണ്ടുതന്നെ പുതിയ സാമ്പത്തിക വര്‍ഷത്തിനായി നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുക എളുപ്പമാവില്ലെന്നും കമ്പനി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കുന്നു.

വിദേശ നാണയ വിനിമയ നിരക്കിലെ ആനുകൂല്യമോ ഉല്‍പന്ന വിലയിലെ ഇടിവോ പഴയതു പോലെ അനുകൂല ഘടകങ്ങളാവുന്നില്ലെന്നും അദ്ദേഹം വിലയിരുത്തി.

ഉല്‍പ്പാദനശേഷി ഉയര്‍ത്താനും പ്രാദേശിക നിര്‍മിത ഘടങ്ങളുടെ വിഹിതം വര്‍ധിക്കാനുമൊക്കെയുള്ള ശ്രമങ്ങള്‍ ഇക്കൊല്ലവും തുടരാനാണു മാരുതി സുസുക്കിയുടെ തീരുമാനം.

Top