maruthi suzuki LCV

ന്യൂഡല്‍ഹി: വാണിജ്യ വാഹന വിഭാഗത്തിലേക്കു പ്രവേശിക്കാനുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ തയാറെടുപ്പ് അന്തിമഘട്ടത്തിലെത്തി. ലഘുവാണിജ്യ വാഹന(എല്‍ സി വി)മായ ‘സൂപ്പര്‍ കാരി ടര്‍ബോ’യുമായിട്ടാവും ഈ വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ അരങ്ങേറ്റം. ‘വൈ നയന്‍ ടി’ എന്ന കോഡ് നാമത്തില്‍ വികസിപ്പിച്ച എല്‍ സി വി ചില ഡീലര്‍ഷിപ്പുകളുടെ സ്റ്റോക്ക് യാര്‍ഡോളം എത്തിക്കഴിഞ്ഞെന്നാണു സൂചന.

എതിരാളികളോടു സാമ്യമുള്ള രൂപത്തോടെയാണു മാരുതി സുസുക്കിയുടെ ‘സൂപ്പര്‍ കാരി ടര്‍ബോ’യുടെ വരവ്. എണ്‍പതുകളില്‍ ജപ്പാന്‍ നിരത്തുകളിലുണ്ടായിരുന്ന വാണിജ്യ വാഹനമായ ‘കാരി’യുടെ സ്മരണ നിലനിര്‍ത്തിയാണു കമ്പനി ഇന്ത്യയിലെ എല്‍ സി വിഭാഗത്തില്‍ പ്രവേശിക്കുന്നത്. യഥാര്‍ഥ ‘കാരി’യുടെ ഏഴാം തലമുറയായിരുന്നു 1984ല്‍ ‘ഓമ്‌നി’യെന്ന പേരില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്.
പുതിയ എല്‍ സി വിക്കു കരുത്തേകുക ഡീസല്‍ ‘സെലേറിയൊ’യിലൂടെ നിരത്തിലെത്തിയ ഡി ഡി ഐ എസ് 125 ഡീസല്‍ എന്‍ജിനാവുമെന്നാണു പ്രതീക്ഷ. 3,500 ആര്‍ പി എമ്മില്‍ 47 ബി എച്ച് പി കരുത്തും 2,000 ആര്‍ പി എമ്മില്‍ 125 എന്‍ എം ടോര്‍ക്കുമാവും ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാവും ട്രാന്‍സ്മിഷന്‍.

പിന്നാലെ നോണ്‍ ടര്‍ബോ എന്‍ജിന്‍ കരുത്തേകുന്ന എല്‍ സി വിയും വില്‍പ്പനയ്‌ക്കെത്തിക്കാന്‍ മാരുതി സുസുക്കിക്കു പദ്ധതിയുണ്ട്. വാനായ മാരുതി സുസുക്കി ‘ഈകോ’യ്ക്കു കരുത്തേകുന്ന എന്‍ജിനാവും ഈ എല്‍ സി വിയില്‍ ഇടംപിടിക്കുക; എന്നാല്‍ ടര്‍ബോ വകഭേദത്തെ അപേക്ഷിച്ചു കൂടുതല്‍ കരുത്തും ഈ എന്‍ജിനാവും. പെട്രോളിനു പുറമെ സമ്മര്‍ദിത പ്രകൃതി വാതക(സി എന്‍ ജി)വും ഇന്ധനമാക്കാവുന്ന 1.2 ലീറ്റര്‍ എന്‍ജിനൊപ്പം നാലു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാവും ട്രാന്‍സ്മിഷന്‍.

ഒന്നര ടണ്‍ ഭാരവാഹകശേഷിയുള്ള എല്‍ സി വികള്‍ക്കൊപ്പം ഇടംപിടിക്കുമെന്നു കരുതുന്ന ‘സൂപ്പര്‍ കാരി ടര്‍ബോ’യ്ക്ക് ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ‘എയ്‌സും’ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ‘മാക്‌സിമോ’യുമൊക്കെയാവും എതിരാളികള്‍. അരങ്ങേറ്റം അടുത്തെത്തിയിട്ടും ‘സൂപ്പര്‍ കാരി’യുടെ വില സംബന്ധിച്ച സൂചനകളൊന്നും മാരുതി സുസുക്കി നല്‍കിയിട്ടില്ല.

Top