2019തോടെ ബിഎസ് 4 മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുകി

2019 ഡിസംബറോടെ ബിഎസ് 4 മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുകി. രാജ്യത്ത് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും, ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനാലുമാണ് ബിഎസ് 4 മോഡലുകളുടെ ഉല്‍പ്പാദനം കമ്പനി നിര്‍ത്തുന്നത്.

ചില ബിഎസ് 4 വാഹനങ്ങള്‍ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ മാത്രം 2019 ഡിസംബറിനു ശേഷം നിര്‍മ്മിച്ച് നല്‍കിയേക്കും. എന്നാല്‍ ഈ വാഹനങ്ങള്‍ 2020 മാര്‍ച്ച് 31 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതായി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബിഎസ് 6 പെട്രോള്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില വളരെ കൂടുതലായതിനാല്‍ ബിഎസ് 6 പാലിക്കുന്ന ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറയാനാണ് സാധ്യതയെന്നും രണ്ടര ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം ഉണ്ടാകുമെന്നും മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി.

രാജ്യത്തെ നഗരങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് തടയിടാനാണ് വാഹനങ്ങളില്‍ ബിഎസ്6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്നും 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ്6 നിലവാരത്തിലുള്ളവയായിരിക്കണമെന്നും കോടതി ഉത്തരവിട്ടിരിക്കുന്നത്.

Top